സാഹസിക സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളൊരുക്കി അയ്യന്‍മടഗുഹ.
അയ്യന്‍മലഗുഹ മലബാറിന്റെ അഞ്ചുരുളി
നടുവില്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയം തട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നിവയ്ക്ക് സമീപത്തായുള്ള അയ്യന്‍മടഗുഹ സാഹസിക സഞ്ചാരികളെയും ജൈവ വൈവിധ്യ ഗവേഷകരെയും ആകര്‍ഷിക്കുകയാണ്.
നടുവില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മണ്ടളത്തിനും കൈതളത്തിനും ഇടയിലാണ് അയ്യന്‍മടഗുഹ.
പ്രകൃതി രമണിയമായ മലഞ്ചെരിവില്‍ സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം നിമിത്തംപ്രകൃതി ഒരുക്കിയതാണ് തുരങ്കരൂപത്തിലാണ് ഈ ഗുഹ.
ഗുഹയുടെ കവാടത്തില്‍ നിന്നും ഉള്ളിലേക്ക് ഏകദേശം അറുപത് മീറ്ററോളം ദൂരത്തില്‍ സഞ്ചാരികള്‍ക്കു കടന്നുപോവാന്‍ പറ്റും.
മൊത്തത്തില്‍ ഇരുന്നൂറോളം മീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു കരുതപ്പെടുന്നു.
ചിലയിടങ്ങളില്‍ നുഴഞ്ഞു കടക്കേണ്ടിവരും.
പാലക്കയം മലനിരകളില്‍ നിന്നും ഒഴുകി വരുന്ന അരുവികള്‍ മഴക്കാലത്ത് ഈ ഗുഹയിലൂടെ ഒഴുകി ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക് കടന്ന് അപ്രത്യക്ഷമാവുന്നു.
കൂര്‍ത്ത കരിങ്കല്‍ പാറകളും വൃക്ഷങ്ങളുടെ വേരുകളുമുള്ള വഴുക്കലുള്ള പ്രതലമാണ്.
ഗുഹയുടെ ഉപരിഭാഗത്ത് നിന്നും നീരുറവകള്‍ തുള്ളികളായി താഴേക്ക് പെയ്തു കൊണ്ടിരിക്കും.
നരിച്ചീറുകള്‍ മിന്നല്‍ വേഗത്തില്‍ തലക്കു മുകളിലൂടെ പറന്നു പോവുമ്പോള്‍ യാത്രികര്‍ പെട്ടെന്ന് അമ്പരന്നുപോവും.
ഗുഹയുടെ അന്തര്‍ഭാഗത്തേക്ക് പ്രവേശിക്കുന്നവര്‍ വെളിച്ചം കരുതേണ്ടതാണ്.
അത്യപൂര്‍വങ്ങളായ ജൈവ വൈവിധ്യങ്ങളാണ് ഗുഹയ്ക്കുള്ളിലും പുറത്തുമായുള്ളത്.
പ്രശസ്ത ജൈവ വൈവിധ്യ ഗവേഷകനായ വി.സി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കേരളത്തില്‍ കാണപ്പെടുന്ന അറുപതിലധികം ചിത്രശലഭങ്ങളെ അയ്യന്മടയുടെ പരിസരങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന വയനാടന്‍ വാള എന്ന മത്സ്യത്തെ ഈ ഗുഹയ്ക്കകത്തു നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കടൂര്‍ സ്വദേശി പി.ശ്രീബിന്‍ ആണ് മത്സ്യത്തെ തിരിച്ചറിഞ്ഞത്.
ഇവിടുത്തെ ആദിവാസികള്‍ വളരെ പണ്ടു തന്നെ ഗുഹയ്ക്കുള്ളില്‍ മത്സ്യങ്ങളെ കണ്ടിരുന്നു.
തെരള എന്നാണവര്‍ ഇതിനെ വിളിച്ചിരുന്നത്.
മുഷി വര്‍ഗ്ഗത്തില്‍പ്പെട്ട മീനുകളാണിവ.
വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണിവയെ കണ്ടുവരുന്നത്. വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞ കല്‍ പൊത്തുകളിലാണ് ഇവ കഴിയുന്നത്.
1873 ല്‍ മത്സ്യ ഗവേഷകനായ ഫ്രാന്‍സിസ് ഡേ എന്നയാളാണ് വയനാട്ടിലെ വൈത്തിരിയില്‍ ഈ ഇനം മീനിനെ കണ്ടെത്തിയത്.
ഗുഹയുടെ പരിസരം ജൈവ വൈവിധ്യ സമ്പന്നമാണ്. ഓടപ്പഴം, ഇഞ്ചിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട സിഞ്ചിബര്‍ അന മലായനം, പോലുള്ള അപൂര്‍വ ചെടികളും മരങ്ങളും ഇവിടെയുണ്ട്.
അപൂര്‍വ്വങ്ങളായ തവളകളും ഉഭയജീവികളെയും പൂമ്പാറ്റകളെയും , തുമ്പികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തകനായ ബെന്നി മുട്ടത്തിലിന്റെ ഉടമസ്ഥതയിലാണ് ഗുഹസ്ഥിതി ചെയ്യുന്ന സ്ഥലം.
പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ട് നിയന്ത്രിതമായ തോതില്‍ സഞ്ചാരികള്‍ എത്തുന്നതില്‍ സന്തോഷമേയുള്ളുവെന്ന് ബെന്നി പറയുന്നു.
പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരുമായ ജോര്‍ജ് മുട്ടത്തില്‍, റോബിന്‍സ് തോമസ് എന്നിവരും ഇവിടുത്തെ സസ്യ വൈവിധ്യങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.
