പിന്‍വാതില്‍ നിയമനം-തളിപ്പറമ്പ് എല്‍.എ(എന്‍.എച്ച് എ.ഐ)ഓഫീസില്‍ രേഖകള്‍ ലഭ്യമല്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് ലാന്റ് അക്വിസിഷന്‍(എന്‍.എച്ച്.എ.ഐ)ഓഫീസില്‍ നാല് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത് പൂര്‍ണമായും പിന്‍വാതില്‍ വഴിയെന്ന് തെളിഞ്ഞു.

ഞെട്ടിപ്പിക്കുന്ന ഉദ്യോഗസ്ഥ അഴിമതിയുടെ വിവരങ്ങളാണ് വിവരാവകാശരേഖകളിലൂടെ പുറത്തുവന്നത്.

നിലവിലുള്ള നാല് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.

ഇവരെ നിയമിക്കുന്നതിന് ഒരു വിധത്തിലുള്ള പത്രപരസ്യങ്ങളും നല്‍കിയിട്ടില്ല.

ഭരണകക്ഷി യൂണിയന്‍ നേതാവിന്റെ കോട്ടയം സ്വദേശിയായ ഒരു ബന്ധുവിനെയും ഉദ്യോഗസ്ഥരുടെ അടുപ്പക്കാരായ മൂന്ന് പേരെയുമാണ് നിയമിച്ചതെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഇവരുടെ നിയമനം സംബന്ധിച്ച് പത്രപരസ്യങ്ങളുടെ കോപ്പികള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയിന്‍മേല്‍ ലഭിച്ച മറുപടി.

49 അപേക്ഷകര്‍ ഉണ്ടായിരുന്നതായി ഫയല്‍ പരിശോധനയില്‍ വ്യക്തമായി എന്ന് മറുപടി ലഭിച്ചുവെങ്കിലും ഇവരുടെ വിവരങ്ങള്‍ ഒന്നും ഫയലില്‍ ലഭ്യമല്ലെന്നാണ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഫസ്റ്റ് അപ്പീലിന്‍മേല്‍ നല്‍കിയ മറുപടി.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നേരത്തെ നല്‍കിയ അപേക്ഷയില്‍ വ്യക്തമായ മറുപടി ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഫസ്റ്റ് അപ്പീല്‍ സമര്‍പ്പിച്ചത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇത്തരത്തില്‍ പുറംവാതില്‍ നിയമനം നടന്നിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

എന്താണ് നിയമനത്തിന്റെ മാനദണ്ഡം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയിരിക്കയാണ് വിവരാവകാശ പ്രവര്‍ത്തകര്‍.

ലോകായുക്തയിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തിനും രേഖകളില്ലാത്ത പിന്‍വാതില്‍ നിയമനത്തിനെതിരെ പരാതി നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.