കാലങ്ങള്‍ പിന്നിട്ടിട്ടും തുരുമ്പെടുത്തില്ല-ബാലറ്റ് പെട്ടികള്‍ ഇനി ലേലത്തിന്-

തളിപ്പറമ്പ്: ജനാധിപത്യ പ്രക്രിയയില്‍ ഒരു കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഗണിക്കപ്പെട്ട ബാലറ്റ് പെട്ടികള്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍.

നവീകരിച്ച് മ്യൂസിയമാകാനൊരുങ്ങിക്കൊണ്ടിരിക്കുന്ന തളിപ്പറമ്പ് താലൂക്ക് ഓഫീസിന്റെ നടമുറ്റത്താണ് 600 ലേറെ ബാലറ്റ് പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്.

രണ്ട് മൂറികളിലായി സൂക്ഷിച്ച പെട്ടികളാണ് നവീകരണത്തിന്റെ ഭാഗമായി പുറത്തായത്.

1998 മുതലാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ബാലറ്റ് ബോക്‌സുകള്‍ കാലഹരണപ്പെട്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാലറ്റ് ബോക്‌സുകള്‍ നേരത്തെ തളിപ്പറമ്പിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും വോട്ടിംഗ് മെഷീന്‍ വന്നതോടെ ഇവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുപോയിരുന്നു.

നേരത്തെ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ മുഴുവന്‍ ഇപ്പോള്‍ നാടുകാണിയിലെ കിന്‍ഫ്ര ഗോഡൗണില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ഇവ പുറത്തെടുക്കുകയുള്ളൂ.

തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ അവശേഷിച്ച ബാലറ്റ് ബോക്‌സുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്ന് താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ പറഞ്ഞു.

ഇനി ആവശ്യമില്ലാത്തതിനാല്‍ ഈ ബാലറ്റ്് ബോക്‌സുകള്‍ ഇവിടെ നിന്ന് മാറ്റുകയോ ലേലം ചെയ്ത് വില്‍ക്കുകയോ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

113 വര്‍ഷം പഴക്കമുള്ള താലൂക്ക് ഓഫീസ് 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ചുവരികയാണ്.

താലൂക്ക് ഓഫീസ് വളപ്പില്‍ പുതിയ റവന്യൂടവര്‍ നിര്‍മ്മിക്കാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ താലൂക്ക് ഓഫീസ് താല്‍ക്കാലികമായി ഇവിടെ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും.

അതിന് മുമ്പായി ബാലറ്റ് ബോക്‌സുകള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും 8 കിലോഗ്രാമോളം തൂക്കംവരുന്ന ബാലറ്റ് പെട്ടികള്‍ക്ക് കാര്യമായ കേടുപാടുകളൊന്നുമില്ല.