ഭ്രമിപ്പിക്കുന്ന അനുഭവം തന്നെ ഭ്രമയുഗം.

1980 ഡിസംബര്‍ 19 നാണ് പി.പി.ഗോവിന്ദന്‍ സംവിധാനം ചെയ്ത എം.മുകുന്ദന്റെ സീത എന്ന സിനിമ റിലീസ് ചെയ്തത്.

മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സീത.

44 വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ബ്ലാക്ക്& വൈറ്റ് സിനിമ റിലീസ് ചെയ്യുന്നത്- ഭ്രമയുഗം.
17-ാം നൂറ്റാണ്ടില്‍ പാലക്കാട് നടക്കുന്നതായി സങ്കല്‍പ്പിക്കുന്ന സിനിമയാണ് നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ് & യോണ്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേര്‍ന്ന് നിര്‍മ്മിച്ച് രാഹുല്‍ സദാശിവന്‍ കഥ, തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്ത ഭ്രമയുഗം.

നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണ രചന.

മമ്മൂട്ടി, അമാന്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആശാരി എന്നിവരാണ് അഭിനേതാക്കള്‍.

മനക്കല്‍ കൊടുമണ്‍പോറ്റി എന്ന മന്ത്രവാദിയായി മമ്മൂട്ടിയും പാണന്‍ തേവനായി അര്‍ജുന്‍ അശോകനും മനയിലെ പാചകക്കാരനായി സിദ്ധാര്‍ത്ഥ് ഭരതനും കോരനായി മണികണ്ഠന്‍ ആചാരിയും യക്ഷിയായി അമാല്‍ഡ ലിസും അഭിനയിച്ച സിനിമയുടെ ക്യാമറാമാന്‍ ഷെഹ്നാദ് ജലീല്‍-എഡിറ്റര്‍-ഷെഫീഖ് മുഹമ്മദലി.

സംഗീതം-ബി.ജി.എം-ക്രിസ്റ്റോ സേവ്യര്‍.

പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ ഒരു മികച്ച തിയേറ്റര്‍ അനുഭവമാണ്.

അടിമക്കച്ചവടകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് കാടുകയറിയ പാണന്‍ തേവനും സുഹൃത്ത് കോരനും പുഴ കടക്കാന്‍ സാധിക്കാതെ വന്നു. കോരന്‍ യക്ഷിയുടെ പിടിയിലകപ്പെട്ടതോടെ ഭയന്നോടിയ തേവന്‍ എത്തപ്പെടുന്നത് കാടുമൂടിക്കിടന്ന മനയിലേക്കാണ്.

അവിടെ കൊടുമണ്‍പോറ്റിയെന്ന മാന്ത്രികന്റെ വലയത്തില്‍ അകപ്പെടുന്ന തേവനും അവിടെ പോറ്റിയോട് പ്രതികാരം ചെയ്യാനെത്തിയ പാചകക്കാരനും ഒക്കെ ചേര്‍ന്ന സിനിമയിലെ അഭിനേതാക്കളില്‍ മികച്ചുനില്‍ക്കുന്നത് നെഗറ്റീവ് റോളിലെത്തുന്ന മമ്മൂട്ടി തന്നെയാണ്.

സദ്ധാര്‍ത്ഥും അര്‍ജുന്‍ അശോകനും ഞാനോ നീയോ എന്നമട്ടില്‍ മല്‍സരിച്ചഭിനയിച്ചിട്ടുണ്ട്.

28 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ ചലച്ചിത്രാനുഭവം ഒരു അപൂര്‍വ്വതയാണ്. മലയാളി നിര്‍ബന്ധമായും കണ്ട് അനുഭവിക്കേണ്ട ഒരു അത്യസാധാരണ സിനിമ.