കരിയിലക്കാറ്റുപോലെ—വെറുമൊരു നോട്ടപ്പിശക്, പക്ഷെ, സംഗതി പുലിവാലായി.
തളിപ്പറമ്പ്: ഒടുവില്‍ മലപോലെ വന്നത് എലിപോലുമല്ലാതായി.

തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാളിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് പട്ടാപ്പകല്‍ മോഷ്ടിച്ചുകൊണ്ടുപോയത് നഗരത്തെ ഞെട്ടിച്ചിരുന്നു.
മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എമിരിറ്റ്‌സ് മാളിലാണ് ബുധനാഴ്ച്ച ഉച്ചക്ക് 2.45 ന് ബൈക്ക് കവര്‍ച്ച നടന്നത്.
ബസ്റ്റാന്റിന് സമീപത്തെ ബട്ടണ്‍ ഹൗസ് ഷോപ്പ് ഉടമ സി.അഷറഫിന്റെ കെ.എല്‍.59 കെ974 ഹീറോ ഹോണ്ട പാഷന്‍പ്രോ ബൈക്കാണ് മോഷണം പോയതായി
പോലീസില്‍ പരാതി ലഭിച്ചത്.
ഉച്ചക്ക് 2 മണിക്കാണ് അഷറഫ് ഭക്ഷണം കഴിച്ചുവന്ന ശേഷം ഇവിടെ വണ്ടി പാര്‍ക്ക് ചെയ്തത്. രാത്രി ഏഴോടെ വീട്ടിലേക്ക് പോകാന്‍ വണ്ടിയെടുക്കാനെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്.
തൊട്ടടുത്ത കടയുടെ സി.സി.ടി.വി കാമറയില്‍ ഒരു യുവാവ് 2.45 ന് ബൈക്ക് എടുത്തുകൊണ്ടുപോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.
തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതോടൊപ്പം ബൈക്ക് കൊണ്ടുപോയ യുവാവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാനും തുടങ്ങി.
രാവിലെയായതോടെയാണ് സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ് സംഭവിച്ചത്. പാഷന്‍പ്രോ ബൈക്ക് ഉപയോഗിക്കുന്ന യുവാവ് തന്റേതെന്ന് കരുതി അഷറഫിന്റെ ബൈക്ക് മാറ്റിയെടുക്കുകയായിരുന്നു.
പിശകു മനസിലാക്കി ഇത് തിരികെ നല്‍കിയതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായി.
