സാമ്പത്തിക ഉയര്‍ച്ചതാഴ്ച്ചകളാണ് സമുദായങ്ങളുടെ ചരിത്രവും പൈതൃകവും നിര്‍ണയിക്കുന്നത്-ഡോ.ഗോപിനാഥ് രവീന്ദ്രന്‍–

കെ.വി.ബാബുവിന്റെ വടക്കേമലബാറിലെ തീയര്‍ പൈതൃകവും പ്രതാപവും ഇനി ചരിത്രമായി

പരിയാരം: സാമ്പത്തികമായ ഉയര്‍ച്ചതാഴ്ച്ചകളാണ് സമുദായങ്ങളുടെ ചരിത്രവും പൈതൃകവും നിര്‍ണയിക്കുന്നതിന്റെ പ്രധാനഘടകമായി വര്‍ത്തിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍.

പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു രചിച്ച വടക്കേമലബാറിലെ തീയര്‍ പൈതൃകവും പ്രതാപവും എന്ന ഗ്രന്ഥം പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെക്കന്‍ കേരളത്തിലെ ഈഴവരും വടക്കന്‍ കേരളത്തിലെ തീയരും തമ്മിലുള്ള വ്യത്യാസമെന്തെന്നതുള്‍പ്പെടെ നിരവധി ഗൗരവമേറിയ വിഷയങ്ങളാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നതെന്നും, ഉത്തരവാദിത്വം ഏറെയുള്ള നിയമപരിപാലനത്തിനിടയില്‍ അഞ്ച് ചരിത്ര ഗ്രന്ഥങ്ങള്‍ രചിക്കുക എന്നത് ചെറിയകാര്യമല്ലെന്നും ഇക്കാര്യത്തില്‍ കെ.വി.ബാബുവിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ എം.എല്‍.എ ടി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ഡോ.വൈ.വി.കണ്ണന്‍, പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍, ഒ.അശോക്കുമാര്‍, കെ.വി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ വി.വി.വിജയന്‍ സ്വാഗതവും കെ.പി.ഷനില്‍ നന്ദിയും പറഞ്ഞു. കെ.വി.ബാബുവിന്റെ അഞ്ചാമത്തെ ചരിത്രഗ്രന്ഥമാണ് ഇന്ന് പ്രകാശനം ചെയ്തത്.