നെപ്പോളിയനും രണ്ടായിരവും വില്ലേജ് ഓഫീസറും സ്വീപ്പറും അകത്തായി-

കാസര്‍കോട്: കൈവശാവകാശ സര്‍ട്ടിഫികറ്റ് ലഭിക്കാന്‍ 2,000 രൂപയും ഒരു കുപ്പി നെപ്പോളിയന്‍ മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ്ഓഫീസറും സ്വീപ്പറും വിജിലന്‍സിന്റെ പിടിയിലായി.

നെട്ടണിഗെ വിലേജ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍.സോണി, സ്വീപ്പര്‍ ആദൂരിലെ ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി കെ.വി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ടാണ് വിജിലന്‍സ് സംഘം പ്രതികളെ പിടികൂടിയത്.

വീട് നിര്‍മിക്കാനായി ആദൂര്‍ സ്വദേശി അബ്ദുര്‍ റഹ്മാന്‍ കൈവശാവകാശ രേഖയ്ക്കായി വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

നിലവില്‍ ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതിനാലാണ് പഞ്ചായത്ത് കൈവശാവകാശ സര്‍ട്ടിഫികറ്റ് ആവശ്യപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ 25 ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ 2000 രൂപയും ഒരു കുപ്പി മദ്യവും എത്തിക്കാന്‍ പറഞ്ഞു.

ഇദ്ദേഹം വിവരം വിജിലന്‍സിന് കൈമാറി. വില്ലേജ് ഒഫീസര്‍ മദ്യം വാങ്ങിവെച്ച ശേഷം പണം വാങ്ങാന്‍ സ്വീപ്പറെ വിളിച്ചു വരുത്തി.

ബൈക്കിലെത്തിയ സ്വീപ്പര്‍ ശിവപ്രസാദ്, അബ്ദുര്‍റഹ്മാനില്‍ നിന്ന് പണം വാങ്ങുന്നതിനിടെ മറഞ്ഞു നിന്ന വിജിലന്‍സ് സംഘം രണ്ടു പേരെയും കൈയ്യോടെ പിടികൂടുകയായിരുന്നു.