ആറളംഫാമിലെ വീട്ടുപറമ്പില്‍ നിന്ന് മോഷ്ടിച്ച പോത്തിനെ തളിപ്പറമ്പില്‍ നിന്നും കണ്ടെത്തി.

 

തളിപ്പറമ്പ്: ആറളംഫാമിലെ വീട്ടുപറമ്പില്‍ നിന്ന് മോഷ്ടിച്ച പോത്തിനെ തളിപ്പറമ്പില്‍ നിന്നും കണ്ടെത്തി.

ഏഴുമാസം മുമ്പ് മൃഗസംരക്ഷണ വകുപ്പിന്റെ പോത്തുകുട്ടി പരിപാലന പദ്ധതി പ്രകാരം വാങ്ങിയ ശുഭയുടെ പോത്തുകുട്ടിയാണ് മോഷണം പോയത്.

ആഗ്‌സത് 2 ന് ഉച്ച്ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പോത്തിനെ കാണാതായ കാര്യം ശുഭ അറിയുന്നത്.

വീട്ടുപറമ്പിലും പരിസരവുമെല്ലാം തിരഞ്ഞിട്ടും പോത്തിനെ കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അയല്‍വാസി കുട്ടപ്പന്‍ തന്റെ ആറ് പോത്തുകളെ വിറ്റതായി അറിയുന്നത്.

അന്ന് പോത്തിനെ അന്വേഷിച്ചെത്തിയവര്‍ ശുഭയുടെ നല്ല വളര്‍ച്ചയുള്ള പോത്തിനെകണ്ടതോടെ അതിനെ വില്‍ക്കുമോ എന്ന അന്വേഷണം നടത്തിയിരുന്നതായും വില്‍ക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു.

ഇത് ശുഭ അറിഞ്ഞിരുന്നില്ല. അവര്‍ തന്നെയാണ് തന്റെ പോത്തിനെ കൊണ്ടുപോയത് എന്ന സംശയം ജനിച്ചതോടെ കുട്ടപ്പനില്‍ നിന്നും അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി പല പ്രാവശ്യം വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.

ഇതിനെത്തുടര്‍ന്നാണ് ശുഭയും ഭര്‍ത്താവ് ബിനുവും ആറളം സ്റ്റേഷനിലെത്തി പരാതി നല്‍കുന്നത്.

പോലീസ് ഇവരെ ബന്ധപ്പെട്ടപ്പോഴാണ് സംഘം പോത്തിനേയും കൊണ്ട് തളിപ്പറമ്പിലേക്ക് കടന്ന വിവരം അറിയുന്നത്.

മോഷ്ടിച്ച പോത്തിനെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് വൈകുന്നേരം ആറുമണിയോടെ തളിപ്പറമ്പില്‍ നിന്നും പോത്തുമായി സംഘം ശുഭയുടെ വീട്ടിലെത്തി.

പോത്തിനെ പിടിക്കുമ്പോള്‍ മാറിപ്പോയതാണെന്നാണ് ഇവര്‍ പോലീസിനോടും ശുഭയോടും പറഞ്ഞത്.

എന്നാല്‍ ഇത് മോഷണം തന്നെയാണെന്നാണ് ശുഭയും കുടുംബവും ആരോപിക്കുന്നു.