മരണത്തിലേക്ക് ഒരു രക്ഷാദൗത്യം-വിരണ്ടോടിയ പോത്തിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി-

അറവ് പോത്തുകളെ പുറത്തെടുക്കാന്‍ സേനക്ക് ചെലവാകുന്നത് പതിനായിരങ്ങള്‍-

തളിപ്പറമ്പ്: വിരണ്ടോടി കിണറ്റിലോ കുളത്തിലോ വീഴുന്ന അറവുമൃഗങ്ങളെ പുറത്തെടുക്കാന്‍ അഗ്നിശമനസേനക്ക് ചെലവുവരുന്നത് ആയിരങ്ങള്‍.

അറവുശാല നടത്തിപ്പുകാരുടെ ചട്ടലംഘനങ്ങള്‍ക്ക് അഗ്നിശമനസേനയുടെ വലിയ ക്രയശേഷിയും സര്‍ക്കാറിന്റെ പണവുമാണ് ചെലവഴിക്കപ്പെടുന്നത്.

ഇന്നലെ വിരണ്ടോടി കിണറ്റില്‍ വീണ പോത്തിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്.

കൊയ്യം മേനോന്‍മൊട്ട പെരുന്തലേരിയിലാണ് സംഭവം നടന്നത്. വളക്കൈയില്‍ നിന്നും വിരണ്ടോടിയ ഏകദേശം രണ്ടര ക്വിന്റല്‍ ഭാരമുള്ള പോത്താണ് മേനോന്‍മൊട്ട പെരുന്തലേരിയിലെ

എ.കെ.ലക്ഷ്മി \എന്നവരുടെ എകദേശം 25 അടി താഴ്ചയും അതില്‍ 10 അടി വെള്ളവുമുള്ള ആള്‍മറയില്ലാത്ത പഴയ കിണറ്റില്‍ അകപ്പെട്ടത്.

അക്രമ സ്വഭാവം കാണിച്ച പോത്തിനെ തളിപ്പറമ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ട് ബന്ധിച്ച് കരക്കെടുത്ത് ഉടമസ്ഥനായ വളക്കൈ ചോലക്കുണ്ടത്തെ കെ.പി.ഹൗസില്‍ കെ.പി.മുഹമ്മദ്ബഷീറിനെ ഏല്‍പ്പിച്ചത്.

ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ് മറ്റ് സേനാംഗങ്ങളായ ടി.വി.പ്രകാശന്‍, ടി.വി.രജീഷ് കുമാര്‍, ശ്രീകാന്ത് പവിത്രന്‍, പി.വി.ഗിരീഷ് , വി.ആര്‍.നന്ദഗോപാല്‍, പി.ചന്ദ്രന്‍, എം.ഭാസ്‌കരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

അറവിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടി കിണറ്റില്‍ അകപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പലപ്പോഴും മറ്റ് മൃഗങ്ങള്‍ കാണുന്ന രീതിയില്‍ അറവ് നടത്തുന്നതാണ് ഇത്തരത്തില്‍ പോത്തുകള്‍ വിരണ്ടോടാന്‍ കാരണമെന്ന് ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ പറയുന്നു.

അറവുമൃഗങ്ങള്‍ ഇത്തരത്തില്‍ ഓടിരക്ഷപ്പെടുന്നത് അറവ്ശാല ഉടമസ്ഥരുടെ പ്രവൃത്തികള്‍ കാരണമായതിനാല്‍ അത്തരത്തിലുള്ള മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാറിലേക്ക് ഒരു നിശ്ചിത തുക അടക്കാന്‍ ഫയര്‍ഫോഴ്‌സ് നയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തിന്റെ പരിധിയില്‍ രണ്ട് ദിവസങ്ങളിലായി ധര്‍മ്മശാല, എളമ്പേരംപാറ എന്നിവിടങ്ങളും സമാന സ്വഭാവമുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്.

നിലവില്‍ പൂച്ച, പട്ടി എന്നിവ ഒഴികെയുള്ള നാല്‍ക്കാലികളെ രക്ഷിക്കണമെന്നാണ് അഗ്നിശമനസേനക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ അറവുമൃഗങ്ങളാണെങ്കിലും പുറത്തെടുക്കേണ്ടതുണ്ട്.

ഇതിനായി ഭാരിച്ച തുകയും വലിയ മനുഷ്യാധ്വാനവും ചിലപ്പോള്‍ ജീവന്‍ തന്നെയുമോ അഗ്നിശമനസേനകള്‍ക്ക് നഷ്ടപ്പെടുന്നുണ്ട്. നയത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.