കുഴഞ്ഞുവീണ് മരിക്കാതിരിക്കാന്‍ പഞ്ചശീലങ്ങള്‍ പാലിക്കുക (തലവന്‍ ഹൃദ്രോഗവിഭാഗം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.)

പരിയാരം: യുവജനങ്ങളിലെ കുഴഞ്ഞുവീണ് മരണം

വലിയതോതില്‍ വര്‍ദ്ധിച്ചത് ആശങ്കാജനകമാണെന്നും, ജീവിതത്തില്‍ പഞ്ചശീലങ്ങള്‍ നിഷ്ഠയോടെ പാലിച്ചാല്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം തലവനും പ്രമുഖ ഹൃഗ്രോഗ വിദഗ്ദ്ധനുമായ ഡോ.വി.ജയറാം.

ലോക പൃദയാരോഗ്യദിനമായ ഇന്നലെ ഹൃദയാലയ സെമിനാര്‍ഹാളില്‍ സംഘടിപ്പിച്ച ഹൃദയാരോഗ്യ ബോധവല്‍ക്കരണ വാരാചരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജംഗ്ഫുഡുകളുടെ ഉപയോഗം വര്‍ദ്ധിച്ചതും പ്രമേഹരോഗ ബാധയും മാനസികസംഘര്‍ഷാവസ്ഥയുമാണ് യുവാക്കളെ 40 വയസിന് താഴെയുള്ള യുവജനങ്ങളെ ഹൃദയധമനി രോഗബാധകളിലേക്ക്  തള്ളിവിടുന്നത്.

കുഴഞ്ഞുവീണ് മരണം 1990 കളില്‍ 1000 ന് ഒന്ന് എന്ന തോതിലാണ് ഒരു വര്‍ഷം നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് ആറിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഹൃദയാഘാത പുനരുജ്ജീവന പരിശീലനം സംഘടിപ്പിക്കുമെന്നും ഡോ.ജയറാം പറഞ്ഞു.

പൊതുഇടങ്ങളില്‍ ആരെങ്കിലും കുഴഞ്ഞുവീഴുകയാണെങ്കില്‍ അവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെയെന്ന് തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളെ പരിശീലിപ്പിക്കുന്ന പരിപാടിയാണ് നടപ്പിലാക്കുക.

പോലീസ്, റെയില്‍വെ ജീവനക്കാര്‍, സ്‌ക്കൂള്‍-കോലേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുക.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍  ഇ.സി.ജി. എക്കോ, ട്രെഡ്മില്‍ എന്നീ പരിശോധനകള്‍ നടത്തി കുഴഞ്ഞുവീണ് മരണം സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്ന് മനസിലാക്കാനും ആവശ്യമെങ്കില്‍ ചികില്‍സ ആരംഭിക്കാനും കഴിയും.

ഈ സൗകര്യവും അടുത്ത ഒരുവര്‍ഷത്തേക്ക് ലഭ്യമാക്കും.

അഞ്ച് കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ തയ്യാറായാല്‍ കുഴഞ്ഞുവീണ് മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ഡോ.ജയറാം പറഞ്ഞു.

1-ദിവസവും അരമണിക്കൂര്‍ സമയം വ്യായാമം, നടത്തമാണ് ഏറ്റവും നല്ല വ്യായാമം,

2-പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന സസ്യഭക്ഷണം,

3-മനോ സംഘര്‍ഷം ഒഴിവാക്കാന്‍ യോഗ, ധ്യാനം, പ്രാര്‍ത്ഥന എന്നിവ ശീലമാക്കുക,

4-പുകവലി മദ്യപാനം, പുകയില ഉപയോഗം എന്നിവ പൂര്‍ണമായി ഒഴിവാക്കുക,

5-പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരാണെങ്കില്‍ 40 വയസുകഴിഞ്ഞാല്‍ വിദഗ്ദ്ധരായ ഡോക്ടറെ കണ്ട് ആവശ്യമായ ഉപദേശം തേടുക.

എന്നിവ പഞ്ചശീലങ്ങളായി മുറുകെപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്  മുഖ്യാതിഥിയായിരുന്നു.

ഡോ.കെ.രാകേഷ്, ഡോ.രഞ്ജിത്ത്കുമാര്‍, ഡോ.സരോഷ്‌കുമാര്‍, ഡോ.എസ്.എം.അഷറഫ്, ഡോ.സി.ഡി.രാമകൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.