ഹൃദയമില്ലാത്ത നീചന്‍മാരേ— ഈ കാഴ്ച്ച നിങ്ങള്‍ കാണുന്നില്ലേ

ഹൃദയമില്ലാത്തവരേ എന്ന ചോദ്യം ആരോഗ്യവകുപ്പിനോടും ഈ നാട് ഭരിക്കുന്ന സി.പി.എം എന്ന ഇടതുപക്ഷമെന്ന് അവര്‍ സ്വയം പറയുന്ന പ്രസ്ഥാനത്തോടുമാണ്.

പരിയാരം: കാത്ത്ലാബ് മൂന്നെണ്ണവും കട്ടപ്പുറത്ത്, ബൈപ്പാസ് സര്‍ജറി മുടങ്ങിയിട്ട് 8 മാസം, പരിയാരത്ത് രോഗികളെ കൂട്ടത്തോടെ ഡിസ്ച്ചാര്‍ജ് ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി മുടങ്ങി. ഇന്നലെ മാത്രം ഡിസ്ച്ചാര്‍ജാ വാങ്ങിപ്പോയത് 26 രോഗികള്‍. ആകെ കാര്‍ഡിയോളജി വിഭാഗത്തിലുള്ള 150 രോഗികളില്‍ അടിയന്തിരമായി ചികില്‍സ വേണ്ട രോഗികളെയാണ് ഇന്നലെ ഡിസ്ച്ചാര്‍ജ് ചെയ്തത്.
കാര്‍ഡിയോളജിവിഭാഗത്തില്‍ ആകെയുള്ള 3 കാത്ത്ലാബുകളിലൊന്ന് 15 വര്‍ഷം കഴിഞ്ഞതിനാല്‍ ഉപയോഗശൂന്യമായ നിലയിലാണ്, 12 വര്‍ഷം പഴക്കമുള്ള രണ്ടാമത്തെ കാത്ത്ലാബ് എ.സി.പ്ലാന്റ് പ്രവര്‍ത്തിക്കാതെ വന്നതോടെ കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിപ്പിക്കുന്നില്ല. രണ്ടരവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കാത്ത്ലാബിന്റെ ഫ്ളൂറോസ്‌കോപ്പിക് ട്യൂബ് ഒരാഴ്ച്ചമുമ്പ് കേടായതോടെയാണ് ആഞ്ജിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിക്കാതെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിലച്ചത്. കേടായ ട്യൂബിന് പകരം പുതിയ ട്യൂബ് ഫ്രാന്‍സില്‍ നിന്നും കൊണ്ടുവരേണ്ടതുണ്ട്. ഇത് വൈകുമേന്നതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇടപെട്ട് സിങ്കപ്പൂരില്‍ നിന്നും പുതിയ ഫ്ളൂറോസ്‌കോപ്പിക് ട്യൂബ് വിമാനമാര്‍ഗം കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അണുപ്രസരണം കാരണം ഇത് മാറ്റിയിടുന്നതിന് ആറ്റോമിക് എനര്‍ജി വകുപ്പിന്റെ അനുമതി കൂടി ലഭിക്കണം. ഈ മാസം 30 മുതല്‍ മാത്രമേ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാലാണ് അടിയന്തിര ചികില്‍സ ആവശ്യമുള്ള 26 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്. ഇവര്‍ക്ക് വലിയ തുക നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക മാത്രമേ രക്ഷയുള്ളൂ. കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി മുടങ്ങിയതോടെ നിലവില്‍ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റഇല്‍ എ.സി.പ്ലാന്റിന്റെ പണി നടന്നുവരുന്ന ബി-കാത്ത്ലാബ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. ഇദ്ദേഹം ഇന്നലെ വിളിച്ചുകൂട്ടിയ അടിയന്തിര യോഗത്തില്‍ താല്‍ക്കാലികമായി രണ്ട് ഒന്നര ടണ്‍ എ.സികള്‍ ഘടിപ്പിച്ച് രണ്ട് ദിവസത്തിനകം അത്യാവശ്യമായുള്ള സര്‍ജറികള്‍ക്ക് കാത്ത്ലാബ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 20 ടണ്‍ എ.സി പ്ലാന്റിന്റെ നിര്‍മ്മാണ ജോലികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് പുറമെ പ്ലാന്‍ ഫണ്ടില്‍ നിന്നും പുതിയ കാത്ത്ലാബ് വാങ്ങുന്നതിന് 4 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കകം ഈ പുതിയ കാത്ത്ലാബ് കൂടി ലഭിക്കുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിച്ച അലംഭാവമാണ് ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് കാര്‍ഡിയോളജി വിഭാഗം മാറാന്‍ കാരണമെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ബൈപ്പാസ് സര്‍ജറി മുടങ്ങിയിട്ട് 8 മാസം

ആശുപത്രി നവീകരണപ്രവൃത്തികള്‍ നീണ്ടതോടെ ബൈപ്പാസ് സര്‍ജറികള്‍ പൂര്‍ണമായും മുടങ്ങിയിട്ട് 8 മാസം പിന്നിടുകയാണ്. ഓപ്പറേഷന്‍ തിയേറ്ററിന്റെ നവീകരണം എവിടെയുമെത്താതെ നീളുന്നതാണ് ബൈപ്പാസ് സര്‍ജറികള്‍ മുടങ്ങാന്‍ കാരണമായത്. ഇതോടെ കണ്ണൂര്‍, കാസര്‍ഗോഡ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമാണ് ഇതോടെ ഇല്ലാതായത്. പാവപ്പെട്ട രോഗികള്‍ക്ക് ജീവന്‍ സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ശസ്ത്രക്രിയക്ക് വിധേയമാകേണ്ട സ്ഥിതിയാണിപ്പോള്‍.