ഇവിടെ പ്രതികള്‍ക്ക് സുഖം-പോലീസ് പിടിക്കൂല്ല–

പരിയാരം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും പ്രതിയെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പരിയാരം പോലീസ്.

2021 ജൂണ്‍ 28 ന് ആറാംനിലയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം മോഷ്ടിക്കുകയും ജൂലൈ-29 ന് അതേ സ്ഥലത്ത് തിരികെ

എത്തിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെയാണ് കാത്ത്‌ലാബ് തകര്‍ത്ത സംഭവത്തിലും അന്വേഷണം മരവിച്ചിരിക്കുന്നത്.

2022 ഏപ്രില്‍ 24 നാണ് കാത്ത്‌ലാബ് തകര്‍ത്ത് 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയത്.

ഈ സംഭവത്തില്‍ കാത്ത്‌ലാബ് ആരോ തകര്‍ത്തത് തന്നെയാണെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് മെയ്-27 ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഊര്‍ജ്ജതന്ത്ര വിഭാഗം മേധാവി റിനിതോമസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

മെയ് 27 ന് തന്നെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അന്നത്തെ പരിയാരം സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവെങ്കിലും അദ്ദേഹം പ്രമോഷനായി സ്ഥലംമാറിപ്പോയതോടെ അന്വേഷണം മരവിച്ചിരിക്കയാണ്.

കഴിഞ്ഞ 3 മാസത്തോളമായി പരിയാരത്ത് എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

എസ്.ഐ ഉള്‍പ്പെടെയുള്ള മറ്റ് അന്വേഷണ ഉദ്യോഗസ്ഥരൊന്നും തന്നെ ഈ കേസില്‍ അന്വേഷണം നടത്തിയിട്ടില്ല.

കാത്ത്‌ലാബ് തകര്‍ത്തതിന് പിന്നില്‍ ഒരു ഡോക്ടറാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുന്നത് നിയമസംവിധാനത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യത തകര്‍ത്തിട്ടുണ്ട്.

ലാവിഞ്ചോസ്‌കോപ്പി പ്രശ്‌നത്തിലും കള്ളനാരെന്ന് വ്യക്തമായതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

ഒരു ഗ്രാം കഞ്ചാവുമായി പോകുന്നവനെ പിടിച്ച് പേരും ഫോട്ടോയും പത്രങ്ങള്‍ക്ക് നല്‍കുന്ന പോലീസ് പൊതുമുതലിന് 10 ലക്ഷം രൂപ നാശമുണ്ടാക്കിയ ആളെ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യാതെ

വിടുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഈ സംഭവത്തില്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.