ഗോഡ്‌സേ ഇന്ത്യയുടെ നല്ലപുത്രനെന്ന് കേന്ദമന്ത്രി ഗിരിരാജ് സിങ്ങ്.
ബസ്തര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
ബാബറിനെയും ഔറംഗസേബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയയാളല്ല ഗോഡ്സെയെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ നല്ല പുത്രനാണ് ഗോഡ്സെയെന്നും ഗിരിരാജ് പ്രകീര്‍ത്തിച്ചു.
ചത്തീസ്ഗഢ് ബസ്തറിലെ ദന്തേവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
‘ഗാന്ധിയെ കൊന്നയാളാണ് ഗോഡ്സെയെങ്കില്‍ ഇന്ത്യയുടെ നല്ല പുത്രന്‍ കൂടിയാണദ്ദേഹം.
ഇന്ത്യയില്‍ ജനിച്ചയാളാണ്. ബാബറിനെയും ഔറംഗസേബിനെയും പോലെ അധിനിവേശകനല്ല.
ബാബറിന്റെ മകനാണെന്നു പറയുന്നതില്‍ സന്തോഷിക്കുന്നവര്‍ക്കൊന്നും ഭാരത മാതാവിന്റെ പുത്രനാകാനാകില്ല.’- ഗിരിരാജ് സിങ് പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നതാണ് ഗിരിരാജ് സിങ്ങിന്റെ വിവാദ പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ഗോഡ്സെയെ പ്രകീര്‍ത്തിക്കുക വഴി രാഷ്ട്രപിതാവിനെയാണ് ഗിരിരാജ് സിങ് അവഹേളിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചത്തിസ്ഗഢ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല കുറ്റപ്പെടുത്തി.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയാണ് ഗോഡ്സെയെന്ന് സുശീല്‍ ആനന്ദ് ശുക്ല പ്രതികരിച്ചു.
രാഷ്ട്രപിതാവിനെയാണ് അയാള്‍ കൊലപ്പെടുത്തിയത്.
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന്റെ രക്തക്കറ ഗോഡ്സെയുടെ കരങ്ങളിലുണ്ട്.
രാജ്യത്തെ ജനങ്ങളെക്കൂടിയാണ് വിവാദ പരാമര്‍ശത്തിലൂടെ ഗിരിരാജ് അവഹേളിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ ചെറുതും വലുതുമായ നേതാക്കളെല്ലാം പലഘട്ടങ്ങളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
ഗിരിരാജിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ആര്‍.എസ്.എസ്സും വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.