ഓര്‍ക്കാപ്പുറത്തെ കക്കോണിഷോക്കില്‍ ഞെട്ടിപ്പൊട്ടി സി.പി.എം.

 

പ്രഭാത്കുമാര്‍ ചെറുതാഴം.

പരിയാരം: സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിനൊരു ഞെട്ടിക്കുന്ന തിരുത്തുമായി യു.ഡി.എഫ്.

പൊതു തിരഞ്ഞെടുപ്പിലെന്ന പോലെ ചൂടും ചൂരും നിലനിര്‍ത്തി പതിനാറാം വാര്‍ഡിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് യു. ഡി.എഫ് 28 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതിയത്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ കക്കോണിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

സി.പി.എം സ്ഥാനാര്‍ത്ഥിയായി സി.കരുണാകരനും യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ യു.രാമചന്ദ്രനുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാമചന്ദ്രന്‍ ജയിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് നഷ്ടപ്പെട്ട വാര്‍ഡാണ് അതേ സ്ഥാനാര്‍ഥിയെ തന്നെയിറക്കി യു.ഡി.എഫ് അട്ടിമറി വിജയം കൊയ്ത് വരുതിയിലാക്കിയത്.

ഇതിന് മുമ്പ് 1995ലെ തിരഞ്ഞെടുപ്പിലാണ് പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്.

ഇപ്പോഴത്തെ 15, 16, 17 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 9,10 വാര്‍ഡുകളില്‍ അന്ന് യഥാക്രമം കോണ്‍ഗ്രസിലെ വെള്ളാച്ചേരി കൃഷ്ണന്‍, സി.വി.നാരായണന്‍ എന്നിവരാണ് ജയിച്ച് പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്.

പി.വി.അപ്പക്കുട്ടി പ്രസിഡന്റായ പഞ്ചായത്തില്‍ അന്ന് എട്ട് സീറ്റുകള്‍ സി.പി.എം നും രണ്ടെണ്ണം കോണ്‍ഗ്രസിനുമുണ്ടായി.

എന്നാല്‍ അതിന് മുമ്പും ശേഷവും പ്രതിപക്ഷ സാന്നിധ്യം പഞ്ചായത്തിലുണ്ടായിട്ടില്ല. ആ ചരിത്രമാണ് രാമചന്ദ്രന്‍ തിരുത്തിയത്.

അതേ സമയം സി.പി.എം ലെ ചില ജാതി പ്രശ്‌നങ്ങളാണ് യു.ഡി.എഫിന് വഴിയൊരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പ്രദേശത്ത് മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്.

ഇതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.എമ്മിന് ലഭിക്കേണ്ട 150 ലേറെ വോട്ടുകള്‍ എതിര്‍ഭാഗത്തേക്ക് പോയതാണ് ചരിത്രത്തെ മാറ്റിയതെന്ന് വിലയിരുത്തപ്പെടുന്നു.

മാറ്റം താല്‍ക്കാലികമാണെന്നും പ്രശ്‌നം ഗൗരവത്തോടെ പാര്‍ടി ചര്‍ച്ച ചെയ്യുമെന്നും മുതിര്‍ന്ന സി.പി.എം നേതാവ് പറഞ്ഞു.

പുത്തൂര്‍, കോക്കാട് തുടങ്ങിയ പരമ്പരാഗത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഇക്കുറി ആവേശത്തോടെ രംഗത്തെത്തിയതും യു.ഡി.എഫിന്
തുണയായി.

അതേ സമയം ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് നല്‍കിയതാണ് വിജയകാരണമെന്നാണ് സി.പി.എം. ഔദ്യോഗികമായി നല്‍കുന്ന ന്യായീകരണം.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 49 വോട്ടുകളാണ്.

ഇക്കുറി യു.ഡി.എഫ് ഭൂരിപക്ഷം 80 ആണ്. അതു കൊണ്ട് വോട്ടു മറിക്കല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.