ചെറുതാഴം ബേങ്ക് ജില്ലയിലെ ആദ്യത്തെ ഹരിതപ്രോട്ടോകോള്‍ പാലിച്ച സ്ഥാപനം.
പിലാത്തറ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റ ഭാഗമായി ഹരിത സ്ഥാപന പ്രഖ്യാപനത്തിന്റെ ജില്ല തല ഉദ്ഘാടനം ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്നകുമാരി നിര്‍വഹിച്ചു.
ബേങ്കിന്റെ എല്ലാ ബ്രാഞ്ചുകളും വ്യാപാര യൂണിറ്റുകളിലും പരിസരം ശുചീകരിച്ച് പൂച്ചട്ടികളും പൂന്തോട്ടവും ഒരുക്കി. ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബിറ്റുകള്‍ സ്ഥാപിക്കുകയും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പിലാത്തറ അഗ്രി മാര്‍ട്ടില്‍ ഒമ്പത് ലക്ഷം രൂപ ചിലവഴിച്ച് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
നരീക്കാംവള്ളി സ്റ്റോക്പോയന്റിലും പിലാത്തറ ഹെഡാഫീസിലും ഇന്‍സിനേറ്റര്‍ സ്ഥാപിച്ചു.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശമുയര്‍ത്തി മാതൃകാ പ്രവര്‍ത്തനങ്ങളാണ് ബേങ്ക് നടത്തിവരുന്നത്.
രാവിലെ മുതല്‍ രാത്രി വരെ വിശ്രമരഹിതമായാണ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നത്.
ഇവരുടെ ഇടപെടലിലൂടെയാണ് ഒരു പരിധിവരെ സ്ഥാപനങ്ങളിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനും ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ആഴ്ച തോറും സംസ്‌കരണത്തിനായി അയക്കാന്‍ കഴിയുന്നതും.
ചെറുതാഴം ഗ്രാപയത്തിനെ ശുചിത്വ പഞ്ചായത്താക്കാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 34 ഹരിത കര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി.
അസിസ്റ്റന്റ് രജിസ്ട്രാര്‍ എംകെ സൈബുന്നിസ ബേങ്കിന്റെ കലണ്ടര്‍ പ്രകാശനം ചെയ്തു.
അസി.ഡയറക്ടര്‍ പി.വി.ഉമേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി രവീന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍ ടി.വി.കുഞ്ഞിക്കണ്ണന്‍, എം.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബേങ്ക് പ്രസിഡണ്ട് അഡ്വ. കെ പ്രമോദ് സ്വാഗതവും സെക്രട്ടറി ഇപി അനില്‍ നന്ദിയും പറഞ്ഞു.