കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ല- മുഖ്യമന്ത്രി

കേളകം: കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂര്‍ ജില്ലയിലെ കേളകത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികത്വത്തില്‍ വലിയ ജ്ഞാനമുള്ള വിദ്യാസമ്പന്നരായ ആളുകള്‍ പോലീസ് സേനയിലേക്ക് കൂടുതലായി വരുന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

ക്രമസമാധാന പാലനത്തില്‍ രാജ്യത്തെ മികച്ച സംഘമാകാന്‍ കേരള പൊലീസിനായി. എന്നാല്‍ ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെയും കാണാനായി. അത്തരക്കാരെ പുറത്താക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കുറ്റക്കാര്‍ക്ക് ജാതിയുടെയോ മതത്തിന്റെയോ പേരില്‍ കേരള പോലീസ് പ്രത്യേക പരിരക്ഷ നല്‍കാത്തതാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്തതിന്റെ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് കേരളം സ്വീകരിക്കുന്നത്.

പ്രത്യേക വിഭാഗക്കാരായതു കൊണ്ട് കുറ്റക്കാര്‍ക്ക് കേരളത്തിലെ പൊലീസ് പ്രത്യേക പരിരക്ഷ നല്‍കാറില്ല.

സേനയില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായത്. കുറ്റാന്വേഷണ മികവ് വിമര്‍ശകര്‍ക്ക് പോലും അംഗീകരിക്കേണ്ടി വരുന്നു.

ഭയപ്പാടോടെ കണ്ടിരുന്ന സേനയെ ജനങ്ങള്‍ ഇപ്പോള്‍ ആശ്രയകേന്ദ്രമായി കാണുന്നു.

സംസ്ഥാനത്തെ സ്റ്റേഷനുകള്‍ സ്ത്രീ സൗഹൃദവും ജനമൈത്രിയുമാകുന്നു-മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.

കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍, കരിക്കോട്ടരി, മാലൂര്‍, കുടിയാന്‍മല, പെരിങ്ങേം, കേളകം, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ആറളം എന്നീ സ്റ്റേഷനുകളില്‍ നിര്‍മ്മിച്ച വിസിറ്റേഴ്‌സ് ലോഞ്ചുകള്‍,

ശ്രീകണ്ഠാപുരം, പെരിങ്ങോം, ഇരിക്കൂര്‍ സ്റ്റേഷനുകളിലെ സ്ത്രീ സൗഹൃദ ഇടങ്ങള്‍, 16.03 ലക്ഷത്തിന് കണ്ണൂര്‍ സിറ്റി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ നിര്‍മ്മിച്ച പുതിയ ഗേറ്റും അനുബന്ധ സൗകര്യങ്ങളും,

പാലക്കാട് പുതൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, കോട്ടയം വൈക്കം സ്റ്റേഷനിലെ പുതിയ കെട്ടിടം, കോട്ടയം കറുകച്ചാല്‍ സ്റ്റേഷനില്‍ ഒരുക്കിയ പ്രധാന ഗെയ്റ്റും അനുബന്ധ സൗകര്യങ്ങളും,

കാസര്‍കോട് ജില്ലാ ഓഫീസില്‍ ഒരുക്കിയ സന്ദര്‍ശക മുറിയും ജില്ലാ പൊലീസ് മേധാവിയുടെ നവീകരിച്ച ചേമ്പറും ജില്ലാ പൊലീസ് ആസ്ഥാനത്തെ വിസിറ്റിങ്ങ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്‌സും, കാസര്‍കോട് ബേക്കല്‍ സബ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം തറക്കല്ലിടല്‍ എന്നിവയാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.

കേളകം പൊലീസ് സ്റ്റേഷനിന് സമീപം നടന്ന ചടങ്ങില്‍ അഡ്വ.സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, കോഴിക്കോട് ഉത്തര മേഖല ഐ ജി പി.ധീരജ്കുമാര്‍ ഗുപ്ത, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ, ജില്ലാ റൂറല്‍ പൊലീസ് മേധാവി എം.ഹേമലത,

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, വാര്‍ഡ് അംഗം സുനിത രാജു,

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.