ഞാന്‍ കുപിതന്‍-പ്രസംഗം തീരും മുമ്പ് അനൗണ്‍സ്‌മെന്റ് വമുഖ്യമന്ത്രി ഇറങ്ങിപ്പോയി.

കാസര്‍കോട്: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്‌മെന്റ് നടന്നതില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടു.

കാസര്‍കോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്ന് പ്രസംഗം പാതിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്.

കാസര്‍കോട് ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

ഇതിന് ശേഷം തുടര്‍ന്ന് സംസാരിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്‌മെന്റ് ഉയര്‍ന്നു.

ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

സിപിഎമ്മിന്റെ കാസര്‍കോട് ജില്ലയിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ബേഡഡുക്ക.

ഇവിടെയാണ് പാര്‍ട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍, ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

സഹകരണ മേഖലയെ തകര്‍ക്കാന്‍ ദുഷ്ടലാക്കോടെ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രസംഗം പാതിയില്‍ നിര്‍ത്തുന്നതിന് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞു.

ചില പുഴുക്കുത്തുകള്‍ ചിലയിടങ്ങളില്‍ ഉണ്ടാവാം. അഴിമതി മാര്‍ഗം സ്വീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.

അന്വേഷണത്തിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണത്തെ പരോക്ഷമായി വിമര്‍ശിച്ച് സംസാരിച്ചു.