കുട്ടിയെ തട്ടിക്കൊണ്ടുപോയത് നേഴ്സിന്റെ വേഷം ധരിച്ച-കളമശേരി സ്വദേശിനി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് കളമശേരി സ്വദേശിനി നീതു(30). ഇവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് നീതുവിനെ ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ ഡോ.രഞ്ജന്‍.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടന്‍ അതിവേഗത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗര്‍ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിച്ചു.
ആശുപത്രിയില്‍ നിന്ന് ഇത്രയും ആളുകള്‍ക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകര്‍ച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്.
സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാല്‍ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല.
അല്പം നേരം കഴിഞ്ഞാണ് ഇവര്‍ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.
അല്പസമയത്തിനകം തന്നെ ആശുപത്രിക്ക് സമീപത്തുനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തിയെന്നും ഡിഎംഒ വിശദീകരിച്ചു.
നേരത്തെ ഡെന്റിസ്റ്റായി ചമഞ്ഞ് ഡെന്റല്‍ കോളേജില്‍ വേഷപകര്‍ച്ച നടത്തിയെത്തിയിരുന്ന സ്ത്രീയാണ് നീതുവെന്ന് പോലീസ് പറഞ്ഞു.