കുട്ടി ഡ്രൈവര്‍മാര്‍ ജാഗ്രതൈ!!! ജുവൈനല്‍ ഹോമിലാവും

ഉദിനൂര്‍:  പ്രായപൂര്‍ത്തി എത്താത്ത കുട്ടി സ്‌ക്കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. എടച്ചേരി കൊക്കാക്കടവിലെ മഹമ്മദലി മേലത്തിലിന്റെ ഭാര്യ നസീമ മന്‍സിലില്‍ എ.പി.നസീമയുടെ പേരിലാണ് കേസെടുത്തത്. ഇന്ന് ഉച്ചക്ക് 12.30 ന് കൊക്കാക്കടവ് നൂര്‍മസ്ജിദിന് സമീപം പൊതുറോഡില്‍ വെച്ചാണ് ചന്തേര എസ്.ഐ എന്‍.കെ.സതീഷ്‌കുമാര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കെ.എല്‍-86 ബി-0527 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ പിടികൂടിയത്. സി.പി.ഒ ഡ്രൈവര്‍ സുരേഷ്, ഹോംഗാര്‍ഡ് ദാമോദരന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാവും മുമ്പ് മോട്ടോര്‍ വാഹനങ്ങളില്‍ വിലസുന്നവരെ പോലീസും എം.വി.ഡി ഉദ്യോഗസ്ഥരും ഇനി വളഞ്ഞിട്ട് പിടിക്കും. ഇത്തരക്കാര്‍ ജുവനൈല്‍ ഹോമില്‍ കിടക്കേണ്ടിവരും. കുട്ടികള്‍ക്ക് വണ്ടി കൊടുക്കുന്ന മുതിര്‍ന്നവരും സൂക്ഷിച്ചോ. പിഴ കൊടുത്ത് ഊരിപ്പോകാന്‍ പറ്റില്ല. ആറുമാസം വരെ നിങ്ങളും അകത്താകും.
തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞദിവസം തുടങ്ങിയ പ്രത്യേക പരിശോധനയില്‍ 18 തികയാത്ത 9 പേരെ പൊലീസ് പിടികൂടി. ഇവര്‍ക്ക് വാഹനം നല്‍കിയ മുതിര്‍ന്നവരെ പ്രതികളാക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടു പോവുകയാണ്. മറ്റ് ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയാന്‍ 2019-ലാണ് കേന്ദ്രമോട്ടോര്‍ നിയമം പരിഷ്‌കരിച്ച് തടവുശിക്ഷ കൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.

 

55,000 രൂപ പിഴ, ആറ് മാസം തടവ്

1. കുട്ടികള്‍ വാഹനമോടിച്ചാല്‍ ആര്‍.സി ഉടമയോ, വാഹനം കൈവശം വച്ചിരിക്കുന്നയാളോ മുഖ്യപ്രതിയാകും. 55,000 രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. ആര്‍.സി സസ്‌പെന്‍ഡ് ചെയ്യാം.

2. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാം. 25 വയസുവരെ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനാകില്ല.