2500 രൂപ കിട്ടും–ബാലവേലയെക്കുറിച്ച് വിവരം നല്‍കിയാല്‍–

കണ്ണൂര്‍: ജില്ലയില്‍ ബാലവേലയെ പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശുവികസന വകുപ്പ് 2500 രൂപ പാരിതോഷികം നല്‍കും.

ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ 565 കുട്ടികളെയാണ് 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെമൂന്ന് വര്‍ഷം കൊണ്ട് രക്ഷിച്ചത്.

നിയമപ്രകാരം 14 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കാനോ 14 വയസ്സ് കഴിഞ്ഞതും 18 വയസ്സ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താനോ പാടില്ല.

കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍, ദാരിദ്ര്യം, മറ്റു കാരണങ്ങള്‍ എന്നിവ കൊണ്ട് കുട്ടികള്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കും.

ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാല്‍ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് തടവ്.

ജില്ലാ ശിശുസംരക്ഷണ ഓഫീസിലെ ശരണബാല്യം റെസ്‌ക്യു ഓഫീസര്‍ക്കാണ് വിവരം നല്‍കേണ്ടത്.

വിവരങ്ങള്‍ വ്യക്തവും സത്യസന്ധവുമായിരിക്കണം.

നല്‍കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം/സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും, ഉടമസ്ഥന്റെ പേര് വിവരങ്ങള്‍, കുട്ടിയുടെ ഫോട്ടോ (ഉണ്ടെങ്കില്‍) അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന മറ്റു വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.

ഒരേവിവരം ഒന്നിലധികം വ്യക്തികളില്‍ നിന്നും ലഭിച്ചാല്‍ ആദ്യം വിവരം നല്‍കുന്നയാള്‍ക്കാണ് പാരിതോഷികം ലഭിക്കുക.

വിവരദാതാക്കളുടെ വ്യക്തിത്വം ഒരു കാരണവശാലും വെളിപ്പെടുത്തില്ല.

ജില്ലയില്‍ ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ 0490 2967199, 8281213156 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.