മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ച ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കണംപരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍
കണ്ണൂര്‍: മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന് പരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് സംഘടനാ പ്രതിനിധികള്‍ കമ്മീഷനോട് ഈ ആവശ്യമുന്നയിച്ചത്.
സമൂഹത്തില്‍ നിന്നും സഭകളില്‍ നിന്നും വേണ്ടത്ര പരിഗണനയില്ലാത്തതിനാല്‍ ഏറ്റവും വിഷമിക്കുന്ന വിഭാഗമായി പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹം മാറിയിരിക്കുകയാണെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
കമ്മീഷന്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് നിന്നാകെ ഇതുവരെ 666500 പരാതികള്‍ ലഭിച്ചതായി ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
ഇതില്‍ ഒരു ലക്ഷത്തിലേറെ പരാതികള്‍ ഇനിയും തരം തിരിക്കാനുണ്ടെന്നും സിറ്റിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 19 െ്രെകസ്തവ സംഘടനകളെ പ്രതിനിധീകരിച്ച് 36 പേര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരുടെ സംവരണതോത് കൂട്ടണമെന്ന് ലത്തീന്‍ സംഘടനകള്‍ കമ്മീഷനെ അറിയിച്ചു. 20 ശതമാനം പേര്‍ക്കും ഭൂമിയില്ല.
പത്ത് ശതമാനം പേര്‍ക്ക് മൂന്ന് സെന്റില്‍ താഴെ മാത്രമാണ് ഭൂമി. പട്ടയപ്രശ്‌നമുള്ളതിനാല്‍ വായ്പ ലഭിക്കാനും പ്രശ്‌നമുണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംഘടനപ്രതിനിധികള്‍ കമ്മീഷനെ ധരിപ്പിച്ചു.
കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും വിപണി സാധ്യതകള്‍ കുറഞ്ഞതും മലയോര കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കിയതായി സീറോ മലബാര്‍ സഭയ്ക്ക് കീഴിലെ വിവിധ സംഘടനാ നേതാക്കളും വൈദികരും കമ്മീഷനെ അറിയിച്ചു.
കൃഷിസ്ഥലങ്ങളില്‍ നിന്നും നിയമാനുസൃതം വെടി വെക്കുന്ന പന്നികളെ ഭക്ഷിക്കാന്‍ അനുവദിക്കണം.
കാര്‍ഷിക വായ്പാ നയം ഉദാരമാക്കണം. മലയോര മേഖലയില്‍ സര്‍ക്കാര്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.
സംഘടനകളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇനി വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സിറ്റിംഗാണ് നടത്താനുള്ളത്.
ചെയര്‍മാന് പുറമെ കമ്മീഷന്‍ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരും പങ്കെടുത്തു.