തളിപ്പറമ്പ് നഗരസഭ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ പേരിടണം– സി.എം.ഐ സഭ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പുഷ്പഗിരിയില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ‘വിശുദ്ധ ചാവറ കുര്യാക്കോസ് മെമ്മോറിയല്‍ സ്‌പോര്‍ട്സ് കോംപ്ലക്സ്’ എന്ന് നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ഐ സഭ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.ബിജു ജോണ്‍ വെള്ളക്കട സി.എം.ഐ  നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കി.

സി.എം.ഐ സഭയുടെ കോഴിക്കോട് പ്രോവിന്‍സിന്റെ കീഴിലുള്ള തളിപ്പറമ്പ് പുഷ്പഗിരിയിലുള്ള ദര്‍ശന ആശ്രമത്തിന്റെ വകയായിരുന്ന ഒരു ഏക്കര്‍ സ്ഥലം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു വേണ്ടി തളിപ്പറമ്പ് പഞ്ചായത്തിനു 40 വര്‍ഷം മുമ്പാണ് ദാനമായി നല്‍കിയത്.

തളിപ്പറമ്പ് പഞ്ചായത്തിന് സ്ഥലം കൈമാറുമ്പോള്‍ സി.എം.ഐ. കോഴിക്കോട് പ്രോവിന്‍സ് ഇവിടെ ഭാവിയില്‍ നിര്‍മ്മിക്കപ്പെടുന്ന സ്ഥാപനത്തിന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ പേരിടണമെന്ന് നിബന്ധന വെച്ചിരുന്നു.

തളിപ്പറമ്പ് പഞ്ചായത്ത് പിന്നീട് നഗരസഭയായി ഉയര്‍ത്തപ്പെട്ടു. പുഷ്പഗിരി കരിമ്പം ആശുപത്രി റോഡിനു ചേര്‍ന്നു കിടക്കുന്ന ഗാന്ധിനറിലെ കോടികള്‍ വിലമതിക്കുന്ന ഈ സ്ഥലത്ത് നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ആയതിനാല്‍ ചാവറ പിതാവിന്റെ സ്മരണ നിലനിര്‍ത്താന്‍ ഉപയുക്തമാകുന്ന ‘വിശുദ്ധ ചാവറ കുര്യാക്കോസ് മെമ്മോറിയല്‍ സ്‌പോര്‍ട്സ് കോംപ്ലക്സ്’ എന്ന് നാമകരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സി.എം.ഐ. കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സിനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നതായി നിവേദനത്തില്‍ പറയുന്നു.

ഈ വിഷയം പോതുജനസമക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന കേരളാ കോണ്‍ഗ്രസ്(എം)നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ടും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.