കേരളത്തിലേത് മതനിരപേക്ഷ പോലീസ് സേന: മന്ത്രി എം.വി.ഗോവിന്ദന്‍–കുട്ടികളെ രക്ഷിച്ച പോലീസുകാര്‍ക്ക് അനുമോദനം-

തളിപ്പറമ്പ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലേത് മത നിരപേക്ഷ പോലീസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

കുളത്തില്‍ മുങ്ങിയ കുട്ടികളുടെ ജീവന്‍ രക്ഷിച്ച പൊലീസുകാരെ അനുമോദിക്കാന്‍ കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കെ എ പി നാലാം ബറ്റാലിയന്‍ ജില്ലാ കമ്മറ്റികള്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പോലും ജാതിയും മതവുമൊക്കെ നോക്കിയാണ്. എന്നാല്‍ കേരളത്തിലേത് പഴയ പോലീസല്ല.

മികച്ച വിദ്യാഭ്യാസമുള്ള ഒത്തിരിപ്പേര്‍ സേനയിലുണ്ട്. ജാതിയും മതവും വര്‍ണ്ണവും നോക്കാതെ ജനോപകാരപ്രദമായ നിലപാടുമായാണ് കേരള പൊലീസ് മുന്നോട്ട് പോകുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തലശ്ശേരി ജഗന്നാഥ ക്ഷേത്ര കുളത്തില്‍ വീണ നാടോടി കുടുംബത്തിലെ കുട്ടികളെ രക്ഷിച്ച നാലാം ബറ്റാലിയനിലെ എസ്.ശ്യാംസുവിന്‍, കാസിഫ് മില്‍ഹാജ്, ബി.അനീഷ്, എ.വി.റിജിന്‍, പി.ഈലഫ്, എന്‍.നൗഫല്‍, പി.റിജു, എം.പി ഭരത് മുരളി എന്നീ എട്ട് പൊലീസുകാരെയാണ് അനുമോദിച്ചത്.

കഴിഞ്ഞ മാസം 15ന് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസം കുളിക്കാനിറങ്ങിയ രാജസ്ഥാന്‍ നാടോടി കുടുംബത്തിലെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നിലവിളി കേട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയത്.

ഉടന്‍ കുളത്തിലിറങ്ങി രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒരാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന്‍ ഡ്രില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നാലാം ബറ്റാലിയന്‍ ജില്ലാ പ്രസിഡണ്ട് പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

പോലീസുകാര്‍ക്കുള്ള ഉപഹാരവും അനുമോദന പത്രവും മന്ത്രി കൈമാറി. ബറ്റാലിയന്‍ കമാന്റന്റ് വിവേക് കുമാര്‍ മുഖ്യാതിഥിയായി. ഡെപ്യൂട്ടി കമാന്റന്റ്ടി പി ശ്യാം സുന്ദര്‍,

അസിസ്റ്റന്റ് കമാന്‍ഡന്റ് എം.ഹരി, ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബാബു, കെ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.വി.പ്രദീപന്‍, കെ പി ഒ എ ബറ്റാലിയന്‍ സെക്രട്ടറി കെ രാധാകൃഷ്ണ്‍,

കെ പി ഒ എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.വി.രാജേഷ്, കെ പി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം വി അഭിമന്യു, കെ പി എ ബറ്റാലിയന്‍ പ്രസിഡന്റ് കെ.സുരേഷ് ബാബു, ട്രഷറര്‍ എം.വി.അനിരുദ്ധ്, സെക്രട്ടറി കെ. രാകേഷ് എന്നിവര്‍ സംബന്ധിച്ചു.