സണ്ണി ഒരു തുടക്കംമാത്രം, നിരവധി കോണ്‍ഗ്രസുകാര്‍ ചെങ്കൊടിത്തണലിലേക്ക്
തളിപ്പറമ്പ്: കെ.എ.സണ്ണി കോണ്‍ഗ്രസ് വിട്ടതിന് പിറകെ മറ്റ് നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വാടാനൊരുങ്ങുന്നതായി സൂചന.
തളിപ്പറമ്പ് കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് കെ.എ.സണ്ണിയുടെ സി.പി.എം പ്രവേശ നടന്നത്.
ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത പുറത്തുവന്ന ഉടനെ കോണ്‍ഗ്രസിന്റെ ജില്ലയിലെ ഉന്നത നേതാക്കള്‍ സണ്ണിയുമായി ബന്ധപ്പെട്ട് തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം അറിയിക്കുകയുമായിരുന്നു.
തളിപ്പറമ്പ് കോണ്‍ഗ്രസിനെ ബാധിച്ച പ്രശ്നങ്ങള്‍ വലിയ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ തുടക്കമാണ് സണ്ണിയുടെ പാര്‍ട്ടി വിടല്‍ എന്നാണ് സൂചന.
തളിപ്പറമ്പുമായി ഒരു ബന്ധവുമില്ലാത്ത, മറ്റു പാര്‍ട്ടികളില്‍ നിന്നും ഭാഗ്യാന്വേഷികളായി കടന്നുവന്ന ഒരു സംഘം തളിപ്പറമ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് ചിലരുടെ അടുക്കള കമ്മറ്റിയായി മാറ്റുകയാണെന്ന വിമര്‍ശനവുമായി സജീവ കോണ്‍ഗ്രസുകാരായ ചിലര്‍ രംഗത്തുവന്നിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാതെ ഡി.സി.സി നേതൃത്വം വരത്തന്മാരായ ഈ നേതാക്കളെ വിശ്വസിച്ച് അവരുടെ താളത്തിന് തുള്ളിയതാണ് തളിപ്പറമ്പില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയതെന്ന് ഇവര്‍ പറയുന്നു.
തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കല്ലിങ്കീല്‍ പത്മനാഭനെ പോലുള്ളവരെ നിസാര പ്രശ്നങ്ങളുടെ പേരില്‍ നടപടിയെടുത്ത് മാറ്റി നിര്‍ത്തിയതോടെയാണ് തളിപ്പറമ്പില്‍ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടമായതെന്ന വിമര്‍ശനം ശക്തമാവുകയാണ്.
സണ്ണി പാര്‍ട്ടിവിട്ടത് ഒരു തുടക്കം മാത്രമാണെന്നും, തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നതോടെ ഒരു പ്രമുഖ നേതാവ് ഉള്‍പ്പെടെ നിരവധിപേര്‍ തളിപ്പറമ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുമെന്നുമാണ് വിശ്വാസയോഗ്യമായ വിവരം.
