പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സി.പി.എം ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം കണ്ണൂരില്‍ വിളിച്ചുചേര്‍ക്കണം-സി.വി.ദയാനനന്ദന്‍-
കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി. ഇതര കക്ഷികളെ ഒന്നിപ്പിക്കാന്‍ സി.പി.എം മുന്‍കൈയെടുക്കണമെന്ന് രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സി.വി.ദയാനന്ദന്‍.
ഇതിന്റെ തുടക്കമെന്ന നിലയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു സി.വി.ദയാനന്ദന്‍.
രാഷ്ട്രിയം സാധ്യതയുടെ കലയാണ്, 1991 ല്‍ അന്നത്തെ പ്ലാനിങ്ങ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ കെ.മോഹന്‍ ധാരിയ മുന്നോട്ട് വെച്ച മുന്‍ കോണ്‍ഗ്രസുകാരുടെ ഏകീകരണം എന്ന ആശയം നടപ്പില്‍ വരുത്തി കൊണ്ട് പുതിയ നേതൃത്വത്തെ പ്രതിഷ്ടിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള മാര്‍ഗം.
പക്ഷെ, ഇന്നത്തെ നേതൃത്വം അതിന് മാത്രം പ്രാപ്തമാണോ എന്നതാണ് പ്രശ്‌നം. 1969 ല്‍ ഇന്ദിരാഗാന്ധി അവിഭക്ത കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈജാക്ക് ചെയ്തത് പോലെ നിലവിലുള്ള നേതൃത്വത്തെ ഹൈജാക്ക് ചെയ്യുക എന്നതാണ് പിന്നിടുള്ള സാധ്യത.
അതിന്ന് ആരും മുന്നോട്ട് വന്നില്ലെങ്കില്‍ പിന്നെയുള്ള സാധ്യത മമത-കെജ്രിവാള്‍-അഖിലേഷ് അച്ചുതണ്ട് രൂപം കൊള്ളുക എന്നതാണ് ഇങ്ങിനെ സംഭവിച്ചാല്‍ ഭാവിയിലെ കോണ്‍ഗ്രസായി അവര്‍ മാറിയേക്കും.
നെഹറു കൂടുംബത്തിന് പുറത്തുള്ള നേതൃത്വം വേണം എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് അവരോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം.
പലപി.സി.സി കളും പുതിയ സമവാക്യത്തിന്ന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നും ഇത് ചരിത്രം ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വികസനത്തിന്റെ ബലത്തില്‍ സി.പി.എം കരുത്താര്‍ജിക്കുകയാണ്, വരാന്‍പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് നല്ല സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ബി.ജെ.പി.ഇതരകക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍ നിന്ന് തന്നെ ആരംഭിക്കാമെന്നും സി.വി.ദയാനന്ദന്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേതന്നെ പ്രസിദ്ധീകരിച്ച ലഘുലേഖയിലെ ദയാനന്ദന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായപ്രകടനം.
ദയാനനന്ദന്റെ ലഘുലേഖ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.