മുന്‍ എ സി പി യുടെ സ്ഥാനാര്‍ത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിന്റെ പ്രതിഫലം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: എ ഡി എം ആയിരുന്ന നവീന്‍ബാബു മരണപ്പെട്ട കേസില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിന്റെ ഉപകാരസ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.
എ.ഡി.എമ്മിന്റെ മരണത്തിന് ഉത്തരവാദിയായ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ വെളുപ്പിച്ചെടുക്കാന്‍ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണ വിധേയനാണ് മുന്‍ എ.സി.പി ടി.കെ.രത്‌നകുമാര്‍.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡിലാണ് ഏതാനും മാസം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ച രത്നകുമാറിനെ സി.പി.എം മത്സരിപ്പിക്കുന്നത്.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി.പി.ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറാണ്.
അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നുംപക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചതാണ്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സര്‍വീസില്‍ നിന്നും വിരമിച്ച രത്‌നകുമാറിനെ സജീവ പ്രവര്‍ത്തകരെയെല്ലാം തഴഞ്ഞ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നിന്ന് പൊതു സമൂഹം എന്താണ് കരുതേണ്ടത്?
സര്‍വീസ് കാലയളവില്‍ സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമല്ലേ ഈ സ്ഥാനാര്‍ത്ഥിത്വം?
നവീന്‍ ബാബു കേസ് മാത്രമല്ല ജില്ലയിലെ മറ്റു പല രാഷ്ട്രീയ കേസുകളിലും സി.പി.എമ്മുകാര്‍ക്കനുകൂലമായി തന്റെ ഔദ്യോഗിക പദവി ഈ ഉദ്യോഗസ്ഥന്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നല്ലേ കരുതേണ്ടത്?
സര്‍വീസിലിരുന്ന് സി.പി.എമ്മിന് വിടുപണി ചെയ്താല്‍ വിരമിച്ചതിനു പിന്നാലെ പാര്‍ട്ടി സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന സന്ദേശമാണ് സി.പി.എം നേതൃത്വം ഇതിലൂടെ നല്‍കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സര്‍വീസ് ഒത്താശക്ക് കസേര ഇതാണ് സിപിഎമ്മിന്റെ നീതി!
