അപകടകെട്ടിടം പൊളിച്ചുനീക്കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ് ദേശീയപാതയിലെ അപകട കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം.

കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെയാണ് നഗരസഭ സെക്രട്ടറി ഈ വിവരം രേഖാമൂലം അറിയിച്ചത്.
ടി.എം.സി 17/1 മുതല്‍ 14 വരെയുള്ള മൈലാഞ്ചിക്കല്‍ അഫ്സത്ത് തുടങ്ങി 5 പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലും ഉപയോഗയോഗ്യമല്ലാത്തതുമാണെന്നും അപകടാവസ്ഥയിലാണെന്നും പരിശോധനയില്‍ ബോധ്യമായതായി സെക്രട്ടെറി പറഞ്ഞു. കെട്ടിടം ദുരന്ത നിവാരണ നിയമപ്രകാരവും കെ.എം.പി.ആര്‍-2019 ലെ 411 ചട്ടപ്രകാരവും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും സെക്രട്ടെറി നല്‍കിയ കത്തില്‍ പറയുന്നു.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം നടന്ന താലൂക്ക് വികസനസമിതി ഈ പ്രശ്നം ഗൗരവത്തിലെടുത്ത് നഗരസഭയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
2023 ല്‍ തന്നെ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.
പഴയ കെട്ടിടങ്ങള്‍ പൊളിഞ്ഞുവീണ് അപടങ്ങളും മരണങ്ങളും സംഭവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി കെട്ടിടം പൊളിച്ചുനീക്കണമെന്ന നിലപാടിലാണ് വികസനസമിതി.
