ധര്‍മ്മശാല പട്ടയപ്രശ്‌നത്തിന് പരിഹാരമായി; 135 കുടുംബങ്ങള്‍ക്ക് സ്ഥിര പട്ടയം

തളിപ്പറമ്പ്: മോറാഴ വില്ലേജിലെ ധര്‍മ്മശാല പട്ടയ പ്രശ്‌നത്തിന് പരിഹാരമായി.

പ്രദേശത്തെ 135 കുടുംബങ്ങള്‍ക്ക് സ്ഥിര പട്ടയം നല്‍കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

മോറാഴ വില്ലേജില്‍ 1958ല്‍ 28 പേര്‍ക്ക് ഒരു ഏക്കര്‍ വീതം ഭൂമി നല്‍കി താത്കാലിക പട്ടയം അനുവദിച്ചിരുന്നു.

ഇവര്‍ ഈ ഭൂമിയില്‍ വീടുവച്ച് താമസിച്ചുവരികയാണ്. ഇപ്പോള്‍ ഈ ഭൂമിക്ക് 135 അവകാശികളുണ്ട്.

ഇവര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് ഇടപാട് നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമായിരുന്നു.

നിലവിലെ മുന്‍സിപ്പല്‍ ചട്ടപ്രകാരം കൈവശമുള്ള മുഴുവന്‍ ഭൂമിയും പതിച്ചു നല്‍കാനും സാധിക്കുമായിരുന്നില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ വരികയും പ്രദേശവാസികളുടെ പ്രശ്‌നം

പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

റവന്യൂ വകുപ്പ് മന്ത്രി കെ.രാജനുമായി ചര്‍ച്ചകള്‍ നടത്തുകയും യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

മന്ത്രിയുടെ പ്രത്യേക ഇടപെടല്‍ കൂടി നടന്നതിന്റെ തുടര്‍ച്ചയായാണ് മന്ത്രിസഭ യോഗം വിഷയം ചര്‍ച്ച ചെയ്ത് 1995 ലെ മുനിസിപ്പല്‍-കോര്‍പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി

പതിവ് ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് 135 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തീരുമാനം മന്ത്രി സഭാ യോഗം കൈക്കൊണ്ടത്.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ നയമെന്നും സ്വന്തമായി ഭൂമി ഇല്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കുകയും കിടപ്പാടം ഇല്ലാത്തവര്‍ക്ക് സ്വന്തമായി വീട് നിര്‍മിച്ചു നല്‍കുക എന്നതുമാണ് സര്‍ക്കാര്‍ നിലപാടെന്നും എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു.

ഇത്തരത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഭൂപ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.