ഡയലോഗ് സെന്റര്‍ കേരള രചനാ പുരസ്‌ക്കാരം വാണിദാസ് എളയാവൂരിന്-
കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ രചനാ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ ശൈഖ്മുഹമ്മദ് കാരകുന്ന് അറിയിച്ചു.

അധ്യാപകന്‍, പ്രഭാഷകന്‍,എഴുത്തുകാരന്‍, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ രചിച്ച് വൈജ്ഞാനിക മേഖലക്ക് നല്‍കിയ സേവനത്തെ ആദരിച്ചു കൊണ്ടുള്ളതാണ് പുരസ്‌കാരമെന്ന് ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ അറിയിച്ചു.
മതപാരസ്പര്യങ്ങളുടെയും സൗഹൃദങ്ങളുടെയും മൂലശിലയാവുന്നതാണ് വാണിദാസിന്റെ സാഹിത്യ രചനകളെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംമ്പര്‍ 31 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.സുധാകരന്‍ എം.പി. പുരസ്‌കാരം സമ്മാനിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ., സജീവ് ജോസഫ്, എം.എല്‍.എ, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസഅബ്ബാസ്, ഫാ.ജോസഫ് കാവനാടിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിശിഷ്ട അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച മുന്‍ കേരള സാഹിത്യ അക്കാദമി അംഗമായ വാണിദാസ് പ്രവാചക കഥകള്‍, മരുഭൂമിയില്‍ പിറന്ന മഹാ മനുഷ്യന്‍, ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം, ഇസ്ലാം സംസ്‌കൃതി :ചില സൗമ്യ വിചാരങ്ങള്‍, ജിഹാദ്- സത്യവേദത്തിന്റെ ആത്മഭാവം, വേദഗ്രന്ഥം വഴി നയിക്കുമ്പാേള്‍, പുണ്യം പൂത്തിറങ്ങുന്ന റമദാന്‍, ഖുര്‍ആന്‍ സര്‍വാതിശായിയായ വേദഗ്രന്ഥം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിന് നല്‍കി.
കൂടാതെ, ഖുര്‍ആന്‍ ലളിത സാരം, മുഹമ്മദ് നബി മാനുഷ്യകത്തിന്റെ മഹാചാര്യന്‍ എന്നിവയുടെ സഹഗ്രന്ഥകാരനുമാണ്. രചനയില്‍ ഒരനുശീലനം എന്ന പ്രബന്ധത്തിന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡുക്കേഷന്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി സദ്ഭാവന അവാര്‍ഡ്, മൈസൂര്‍ മലയാള സാഹിത്യ വേദിയുടെ കൈരളി അവാര്‍ഡ്, കെ.സി. അബ്ദുല്ല മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, തിരുവനന്തപുരം മുസ്ലിം അസാേസിയേഷന്‍ അവാര്‍ഡ് , തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിരുന്നു.
ഭാര്യ: പരേതയായ കെ.എം.യശോദ. മക്കള്‍:അമര്‍നാഥ്, അജിത്കുമാര്‍,യശോധരന്‍,ധര്‍മേന്ദ്രന്‍. മരുമക്കള്‍: ശാന്തി, വിദ്യ, മായ, ആശ.
