വിട്ടുവീഴ്ച്ചയില്ല-പ്രവൃത്തികളില്‍ കാര്യക്ഷമത ഉറപ്പുവരുത്തും: സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്നിസാര്‍.
തളിപ്പറമ്പ്: സി.പി.എം നേതാക്കളുടെ ഇടപെടലോടെ ചിന്മയ റോഡിലെ ഓവുചാല്‍ പ്രശ്നത്തില്‍ നടപടികള്‍ വേഗത്തിലായി.

കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത നല്‍കിയതോടെയാണ് പ്രശ്നം ചൂടുപിടിച്ചത്.
ശനിയാഴ്ച്ച വെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത് വിവാദമായതോടെ ഇന്ന് രാവിലെ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ്നിസാര്‍ കര്‍ശനനിലപാട് സ്വീകരിച്ചതോടെ ശനിയാഴ്ച്ച ചെയ്ത കോണ്‍ക്രീറ്റിന് മുകളില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ താഴ്ച്ച ഉറപ്പുവരുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
വാര്‍ഡ് കൗണ്‍സിലര്‍ സി.മുഹമ്മദ് സിറാജും രാവിലെ മുതല്‍ തന്നെ സ്ഥലത്ത് നിന്ന് കുറ്റമറ്റ രീതിയില്‍ പ്രവൃത്തി നടത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
സി.പി.എം പാലകുളങ്ങര ബ്രാഞ്ച് സെക്രട്ടെറി എം.വി.ജനാര്ദ്ദനന് മാസ്റ്റര്‍, ടി.പത്മനാഭന്, ടി.മധുസൂതനന് എന്നിവര്‍ പ്രശ്നത്തിലിടപെട്ട് പണി നിര്‍ത്തിവെപ്പിക്കുകയും പിന്നീട് കുറ്റമറ്റ രീതിയില്‍ പണി നടത്താമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ജോലി തുടരാന്‍ അനുവദിക്കുകയുമായിരുന്നു.
പുതുതായി ഇവിടെ ഓവുചാലിന് മുകളിലിട്ട സ്ളാബ് നീക്കി മണ്ണും ചെളിയും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം അത് പൂര്‍ത്തീകരിച്ചു.
നിര്‍മ്മാണ പ്രവൃത്തികളില്‍ ഒരു വിധത്തിലുള്ള അലംഭാവവും അനുവദിക്കില്ലെന്നും കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്നിസാര്‍ പറഞ്ഞു.
നിര്‍മ്മാണ അപാകത ബോധ്യപ്പെട്ട ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ രണ്ട് ഓവര്‍സിയര്‍മാര്‍ മുഴവന്സമയവും സ്ഥലത്ത് ക്യാമ്പുചെയ്താണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്.
