ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതമാണെന്ന്: കഥാകൃത്ത് ടി.പത്മനാഭന്‍

തളിപ്പറമ്പ്: തന്റെ ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതം ആസ്വദിക്കുന്നതാണെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍.

പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴല്‍വാദകനും താളവാദ്യക്കാരനും കര്‍ണാടക പിയാനിസ്റ്റും തിയേറ്റര്‍ ഡയറക്ടറും നടനുമായ മുംബൈ വാഗ്ഗെയകാര്‍ ഡോ.പി എസ് കൃഷ്ണമൂര്‍ത്തിയുടെ പുസ്തകം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ഞൂറിലധികം വരുന്ന ക്ലാസിക്കല്‍ രചനകളില്‍ നിന്നും തിരഞ്ഞെടുത്ത 108 കോമ്പോസിഷന്‍സ് അടങ്ങുന്ന രണ്ടാമത്തെ പുസ്തകമാണ് ടി.പത്മനാഭന്‍ പ്രകാശനം ചെയ്തത്.

തൊണ്ണൂറ്റിനാലാം വയസിലും മനസിനും ശരീരത്തിനും ഉന്മേഷം നല്‍കുന്നത് സംഗീതം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

വിരലില്‍ എണ്ണാവുന്ന വാഗ്ഗെയകാര്‍ മാത്രമുള്ള ഭാരതത്തില്‍ പി.എസ. കൃഷ്ണമുര്‍ത്തി തികച്ചും വേറിട്ട പ്രതിഭയാണെന്നും, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഗീത പരിപാടിയാണ് പെരുഞ്ചെല്ലൂരില്‍ നടന്നതെന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു.

പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തിആറാമത്തെ സംഗീത പരിപാടിയില്‍ മുന്ന് മണിക്കൂര്‍ നേരം ഡോ. പി എസ് കൃഷ്ണമൂര്‍ത്തിയോടൊപ്പം ഭാര്യയും കര്‍ണാടിക് സംഗീതജ്ഞയുമായ മംഗളം കൃഷ്ണമൂര്‍ത്തിയും മകള്‍ കീര്‍ത്തന കൃഷ്ണമൂര്‍ത്തിയും പക്കമേളത്തില്‍ മുതിര്‍ന്ന വയലിനിസ്റ്റ് പാലക്കാട് ആര്‍.സ്വാമിനാഥനും മൃദംഗത്തില്‍ കല്ലേകുളങ്ങര പി.ഉണ്ണികൃഷ്ണനും ഒത്തുചേര്‍ന്നു.

പി.വി.രാജശേഖരന്‍ സംസാരിച്ചു. അനില്‍ വര്‍ഗീസും ഗീതനമ്പ്യാരും ചേര്‍ന്ന് കലാകാരന്മാരെ ആദരിച്ചു.