ഡോ. സൈറു ഫിലിപ്പ് ആരോഗ്യ സർവ്വകലാശാലയുടെ അദ്ധ്യാപന മികവിനുള്ള ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങി.

പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ആരോഗ്യ സർവ്വകലാശാലയുടെ അദ്ധ്യാപന മികവിനുള്ള ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങി.

ആരോഗ്യ സർവ്വകലാശാല സ്ഥാപക ദിനമായ ഇന്നലെ തൃശൂരിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അവാർഡുകൾ സമ്മാനിച്ചു.

മോഡേൺ മെഡിസിൻ, ആയുർവ്വേദം തുടങ്ങിയ വ്യത്യസ്ത വൈദ്യവിദ്യാഭ്യാസ ശാഖകളിലെ ഏഴ് പ്രഗത്ഭ അദ്ധ്യാപകരെയാണ് ആരോഗ്യ സർവ്വകലാശാല ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിനായി തെരഞ്ഞെടുത്തത്.

സാങ്കേതിക കാരണങ്ങളാൽ പ്രിൻസിപ്പൽ നിയമനം വൈകിയപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രത്യേകം താല്പര്യമെടുത്താണ് മുമ്പ് സംസ്ഥാനത്തെ മികച്ച ഡോക്ടർ അവാർഡ് ജേതാവ് കൂടിയായിരുന്ന ഡോ. സൈറു ഫിലിപ്പിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിച്ചത്.

കോട്ടയം മെഡി കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ: സൈറുവിൻ്റെ അവാർഡ് നേട്ടം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനും അഭിമാനമായി.

ഇതിന് മുമ്പ് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിൽ അഞ്ചു വർഷക്കാലം വൈസ് പ്രിൻസിപ്പലായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് നവംബർ 4ന് ഡോ. സൈറു ഫിലിപ്പ് കണ്ണൂർ ഗവ. മെഡി കോളേജ് പ്രിൻസിപ്പലായി ചാർജെടുത്തത്.

വൈദ്യശാസ്ത്രമേഖലയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ദേശീയ അന്തർദ്ദേശീയ അക്കാദമിക് വൃത്തങ്ങളിൽ അറിയപ്പെടുന്ന അക്കാദമിക് വിദദ്ധയായ ഡോ. സൈറു ഫിലിപ്പ് അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ റിസർച്ച് സ്കോളർ കൂടിയാണ്.

മന്തുരോഗ ഗവേഷണത്തിലും പുകയില വിമുക്ത ക്യാമ്പസ് പ്രചാരണത്തിലും തനതായ സംഭാവനകൾ നൽകിയിട്ടുണ്ട്.