ചിറവക്കിലെ വ്യാപാരികള്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗിന്റെ പേരില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: ചിറവക്കിലെ വ്യാപാരികള്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗിന്റെ പേരില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗത്തെ അറിയിച്ചു.

ഇവിടെ പുതിയ ട്രാഫ്ക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഗതാഗത തടസം പരിഹരിച്ചുവെങ്കിലും തളിപ്പറമ്പ് ഭാഗത്തേക്കുള്ള റോഡില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് മുന്നില്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് മുന്നില്‍ നിര്‍ത്താതെ ബസുകള്‍ വെയ് ബ്രിഡ്ജിന് മുന്നില്‍ നിര്‍ത്തുന്നതുമൂലം പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവശ്യവും വികസനസമിതി മുമ്പാകെ ഉയര്‍ന്നുവന്നു.

ഇക്കാര്യത്തിലും ആവശ്യമായ നടപടികല്‍ സ്വീകരിക്കുമെന്ന് വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച കല്ലിങ്കീല്‍ അറിയിച്ചു.

വ്യാപാരി-വ്യവസായി സമിതി തളിപ്പറമ്പ് യൂണിറ്റ് ഭാഗവാഹികളായ കെ.എസ്.റിയാസും വി.താജുദ്ദീനുമാണ് വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ വികസനസമിതി മുമ്പാകെ ഉന്നയിച്ചത്.

ഓട്ടോറിക്ഷകളുടെ അന്യായ പാര്‍ക്കിംഗ് കാരണം വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്നും ഇതിന് ബന്ധപ്പെട്ടവര്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് കടകളിലേക്കുള്ള പാര്‍ക്കിംഗ് തടസ്സത്തിന് പരിഹാരം കാണേണ്ടിവരുമെന്നും ഇരുവരും പറഞ്ഞു.

തളിപ്പറമ്പില്‍നിന്നും രാവിലെ മലയോരമേഖലകളിലേക്ക് പുറപ്പെടുന്ന സ്വകാര്യ ബസുകളില്‍ പച്ചക്കറി കയറ്റുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജോ.ആര്‍.ടി.ഒ യോഗത്തെ അറിയിച്ചു.

പുതുതായി പണിയുന്ന വീടുകളുടെ സെപ്റ്റിക് ടാങ്കുകള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുമെന്ന് നഗരസഭാ സെക്രട്ടെറി അറിയിച്ചു. മുന്‍ എ.ഡി.എം എ.സി.മാത്യുവാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ദേശീയപാത ഇടിഞ്ഞുതാഴ്ന്നത് താല്‍ക്കാലികമായി മണ്ണിട്ട് നികത്തി പരിഹരിച്ചതായി ദേശീയപാത വിഭാഗം അറിയിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പഴയ കെട്ടിടത്തില്‍ പുതിയ ക്യാഷ് കൗണ്ടര്‍ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്ത് അനധികൃത തട്ടുകടകളുടെ ആധിക്യം ട്രാഫിക് തടസ്സങ്ങള്‍ക്ക് കാരണമാകുന്നത് ഒഴിവാക്കാന്‍ യോഗം പോലീസിന് നിര്‍ദ്ദേശം നല്‍കി.

എരുവാട്ടി-തേര്‍ത്തല്ലി റോഡരികില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ ഈ മാസം 16 നകം സ്ഥാപിക്കുെമന്ന് വാട്ടര്‍ അതോറിറ്റി സമിതി മുമ്പാകെ അറിയിച്ചു.

ആം ആദ്മി പാര്‍ട്ടി നേതാവ് സാനിച്ചന്‍മാത്യുവാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്. നിര്‍മ്മാണ പ്രവൃത്തി അനിശ്ചിതമായി നീണ്ടുപോകുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.ഡി.ഒ രഞ്ജിത്ത്, തഹസില്‍ദാര്‍ പി.സജീവന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലട്ടന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ട്രാഫിക് എസ്.ഐ.എം.രഘുനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.