സൗന്ദര്യവല്‍ക്കരണക്കൊള്ളക്കെതിരെ ഡി.വൈ.എഫ് ഐ ഇടപെടുന്നു-തുടര്‍പ്രവര്‍ത്തനം തടയും:
തളിപ്പറമ്പ്: നഗരത്തില്‍ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെ സൗന്ദര്യവത്കരണത്തിന്റെ മറവിലും നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ.

ആക്രി അഴിമതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയവരാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൈയിട്ടുവാരുന്നതെന്ന് അവര്‍ ആരോപിച്ചു.
എട്ട് വര്‍ഷമായി ദേശീയ പാതയില്‍ വിളക്കുതൂണില്‍ പരസ്യഫലകം സ്ഥാപിച്ച സ്വകാര്യ പരസ്യ കമ്പനിക്ക് തന്നെ നഗരസഭ അധികാരികള്‍ വീണ്ടും കരാര്‍ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ.
താല്‍പര്യപത്രം ക്ഷണിക്കാതെയാണ് നിയമവിരുദ്ധമായി കരാര്‍ നീട്ടി നല്‍കിയത്.
നഗരത്തിലെ പ്രധാന പാതകളായ താലൂക്ക് ഓഫീസ് റോഡ്, മെയിന്‍ റോഡ്, മാര്‍ക്കറ്റ്‌റോഡ്, കോര്‍ട്ട് റോഡ് എന്നിവടങ്ങളിലെ നടപ്പാതയോട് ചേര്‍ന്നാണ് കൈവരികളില്‍ പരസ്യപ്പലക സ്ഥാപിക്കുന്നത്.
ഇവര്‍ക്കാകട്ടെ നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ കൂടുതല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ചട്ടം ലംഘിച്ച് തളിപ്പറമ്പ് രജിസ്റ്റര്‍ ഓഫീസിന്റെ മുന്നിലെ സ്ലാബുകള്‍ക്ക് മുകളില്‍ ബങ്കറുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
നഗരസഭയുടെ ഓവുചാലിന് മുകളിലാണ് സ്ഥിരം ഷെഡുകള്‍ പണിയുന്നത്.
ഓവുചാലുകള്‍ക്ക് മുകളില്‍ ഒരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്നിരിക്കെയാണ് ഷെഡ് നിര്‍മാണം.
നേരത്തെ ഇവിടെ നാല് ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ താല്‍ക്കാലിക ടെന്റ് നിര്‍മിച്ച് ജോലിയെടുത്തിരുന്നു.
എന്നാല്‍ അതിന്റെ മറവില്‍ 10 ഷെഡുകള്‍ നിര്‍മിക്കുന്നത് കച്ചവടത്തിനാണെന്നും ഭരണവിഭാഗത്തിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.
പരസ്യങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ വാളിന്റെ സെര്‍വര്‍ സിസ്റ്റമുള്‍പ്പെടെ സ്ഥാപിക്കാനും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചെടികള്‍ പരിചരണം ചെയ്യുന്ന പണിയായുധങ്ങള്‍ വെക്കാനുമുള്ള ബങ്കറുകളാണ് എന്നാണ് ഭരണപക്ഷത്തില്‍ ഒരു വിഭാഗത്തിന്റെ വാദം.
നിയമവിരുദ്ധമായി പുതുക്കിയ നല്‍കിയ കരാര്‍ മാനദണ്ഡപ്രകാരം സൗന്ദര്യവല്‍ക്കരണം ആഗസ്ത് 31 പൂര്‍ത്തീകരിക്കേണ്ടതാണ്.
എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും അന്‍പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. നേരത്തെ ആക്രി അഴിമതിയില്‍ അന്വേഷണത്തിനെത്തിയ വിജിലന്‍സ് സംഘത്തിന് ഇത് സംബന്ധിച്ചും ചില സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടര്‍പ്രവര്‍ത്തനം തടയും: ഡിവൈഎഫ്‌ഐ
തളിപ്പറമ്പ് : ചട്ടം ലംഘിച്ചുകൊണ്ട് ക്രമ വിരുദ്ധമായ നിര്‍മാണവും നടപടി ക്രമങ്ങള്‍ അട്ടിമറിച്ചു കരാര്‍ അനുമതിയും നല്‍കിയ നഗരസഭ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമാത്രമേ മാത്രം തുടര്‍പ്രവര്‍ത്തനം നടത്താവൂ എന്നും അല്ലെങ്കില്‍ പ്രവൃത്തി തടയുമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
