മാവോയിസ്റ്റ് സംഘാംഗത്തെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റ ഇയാളെ ആദിവാസി കോളനിയിലെത്തിച്ച് ആറംഗ മാവോവാദി സംഘം രക്ഷപ്പെട്ടു.

പയ്യാവൂര്‍: മാവോയിസ്റ്റ് സംഘാംഗത്തെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റ ഇയാളെ ആദിവാസി കോളനിയിലെത്തിച്ച് ആറംഗ മാവോവാദി സംഘം രക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലി വനത്തിലൂടെ സഞ്ചരിക്കുകയായി മാവോയിസ്റ്റ് സംഘത്തിലെ ചിക്മാംഗളൂര്‍ സ്വദേശി എ.സുരേഷിനെയാണ്(45) കാട്ടാന ആക്രമിച്ചത്.

ഇതേ തുടര്‍ന്ന് ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം ഉപേക്ഷിച്ചത്. തുടര്‍ന്ന് അരിയും സാധങ്ങളും വാങ്ങി സംഘം പിന്നീട് മടങ്ങുകയായിരുന്നു.
ആയുധങ്ങളേന്തിയ ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേഷിനെ പയ്യാവൂര്‍ പോലിസും വനം വകുപ്പുമെത്തിയാണ് പരിയാരത്തെ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കണ്ണൂര്‍ റൂറല്‍ എസ്പി ഹേമലത അറിയിച്ചു. പൊലിസും വനം വകുപ്പും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.

പരിയാരം: കാട്ടാന ആക്രമത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ എ.സുരേഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നേരത്തെ വിവരം ലഭിച്ചത് പ്രകാരം ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ വന്‍പോലീസ് സംഘത്തെ വിന്യസിപ്പിച്ചു. പോലീസ് ആശുപത്രി പരിസരത്ത് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. രാത്രി പത്തോടെ ആശുപത്രിയിലെത്തിച്ച ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.