ജൂലായ്-11 ലെ നടുക്കുന്ന ഓര്‍മ്മ-അറസ്റ്റിന്റെ 50-ാം വര്‍ഷത്തില്‍ വീണ്ടും ഒത്തുചേരാനൊരുങ്ങി മൊട്ടസംഘം.

തളിപ്പറമ്പ്:  അടിയന്തിരാവസ്ഥക്ക് ഇന്ന്‌
അരനൂറ്റാണ്ടിന്റെ ഓര്‍മ്മദിനം. അന്ന് അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത 19 പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ്-11 നടുക്കത്തിന്റെ ദിവസം.

അടിയന്തിരാവസ്ഥ അറബിക്കടലില്‍, ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ് സര്‍ സയ്യിദ്  കോളേജില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി  പ്രിന്‍സിപ്പാള്‍  ഓഫീസ് ഉപരോധിച്ച 19 അംഗ സംഘത്തില്‍ പെട്ട ജോസ് ചുക്കനാനി അന്ന് പോലീസില്‍ നിന്നുണ്ടായ കയ്‌പ്പേറിയ അനുഭവം ഓര്‍ക്കുന്നു.
1975 ജൂലായ്-11 നായിരുന്നു സംഭവം. ജോസ് ഉള്‍പ്പെടയുള്ള 19 പേരെയാണ് അന്നത്തെ തളിപ്പറമ്പ് എസ്.ഐ അബൂബക്കറിന്റെ നേതൃത്വത്തില്‍ ബലമായി പിടിച്ചുകൊണ്ടുപോയത്.
എസ്.എഫ്.ഐ, കെ.എസ്.സി, പരിവര്‍ത്തനവാദി, എന്‍.എസ്.ഒ എന്നീ സംഘടനകളാണ് പ്രതിഷേധം നടത്തിയത്. കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.സിയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു  പ്രീഡിഗ്രി രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ ജോസ്. അന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്നത്തെ താലൂക്ക് ഓഫീസിന്റെ ഒരു ഭാഗത്തായിരുന്നു.
പരിവര്‍ത്തനവാദികളുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് എസ്.കെ.മാധവനേയും അറസ്റ്റ് ചെയ്ത് ഈസമയം സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
അന്നത്തെ എ.എസ്.പി ജോസഫ് തോമസ്, ഡിവൈ.എസ്.പി രാമന്‍ മൂസത് എന്നിവര്‍ എത്തിയതോടെയാണ് സ്റ്റേഷനില്‍ പോലീസ് മുറ ആരംഭിച്ചതെന്നും, എസ്.കെ..മാധവനെ ചോദ്യം ചെയ്ത് മര്‍ദ്ദിക്കുന്നത് കണ്ടതോടെയാണ് അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോര്‍ന്നുപോയതെന്നും ജോസ് ചുക്കനാനി പറയുന്നു.
പിന്നീട് 19 പേര്‍ക്കും അടിയും ചവിട്ടും യഥേഷ്ടം കിട്ടിയതായി ഇദ്ദേഹം ഓര്‍മ്മിക്കുന്നു. തുടര്‍ന്ന് നഗരത്തിലെ ഒരു ബാര്‍ബറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി 19 പേരുടെയും തലമുടി വികൃതമായ രീതിയില്‍ മൊട്ടയിക്കുകയും ട്രൗസര്‍ മാത്രം ധരിപ്പിച്ച് കനത്ത മഴയില്‍ പോലീസ് അകമ്പടിയില്‍ ഇവരെ നഗരത്തിലൂടെ ഓടിക്കുകയും ചെയ്തു.
എസ്.എഫ്.ഐ നേതാവ് കെ.ജയരാജന്‍, കെ.എസ്.സി നേതാവ്  വി.ജെ. സ്‌കറിയ എന്നിവരെ ഡി.ഐ.ആര്‍(ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ്) പ്രകാരം ജയിലിലടക്കുകയും ചെയതു.
ജാമ്യം ലഭിച്ച ഇവര്‍ക്ക് തലശേരി മജിസ്‌ട്രേട്ട് 500 രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തു.  അന്നത്തെ അനുഭവങ്ങള്‍ ഇന്നും നടക്കുന്ന ഓര്‍മ്മകളായി പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നതായി ജോസ് പറയുന്നു.
അറസ്റ്റിലായ 19 പേരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ജീവിച്ചിരിക്കുന്നുണ്ട്. കെ.ജയരാജന്‍, പി.കെ.വിജയന്‍, ടി.ഡി. സെബാസ്റ്റ്യന്‍, സിറിയക് മാത്യു, രാജന്‍ തലവില്‍, ജനാര്‍ദ്ദനന്‍ നടുവില്‍(എസ്.എഫ്.ഐ), വി.ജെ. സ്‌കറിയ, പി.എസ്.ജോസഫ്, കെ.ജെ.ജോണ്‍, കെ.എ.മാത്യു, ജോര്‍ജ് ജോസഫ്, ടി.വി.ജോണ്‍, ജോസ് ചുക്കനാനി(കെ.എസ്.സി), സുനില്‍കുമാര്‍, രമേശന്‍, റഫീഖ് അഴീക്കോട്, മധു(പരിവര്‍ത്തനവാദി ), തോമസ് കെ.മാനുവല്‍, ജോണ്‍ ആന്റണി(എന്‍.എസ്.ഒ) എന്നിവരാണ് അറസ്റ്റിലായ 19 പേര്‍. ഇതില്‍ രാജന്‍ തലവിലാണ് മരണപ്പെട്ടത്.
ബാക്കി 18 പേരും വര്‍ഷത്തിലൊരിക്കലെങ്കിലും കൂടിച്ചേരുന്നുണ്ട്.  വാട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്ത ജൂലായ്-11 ന് വീണ്ടും കൂടിച്ചേരാനുള്ള ഒരുക്കത്തിലാണ് ഈ മൊട്ടസംഘം.
വാട്ടര്‍ അതോറിറ്റിയില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ച് വിരമിച്ച ശേഷവും കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്ന ജോസ് ചുക്കനാനി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. റിട്ട.അധ്യാപിക ശോഭയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.