ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത് വെറും പ്രഹസനം മാത്രം : വിജയ് നീലകണ്ഠന്‍

പിലാത്തറ: ഒരു ദിവസത്തിനായി മാത്രം ഇന്ന് നടത്തുന്ന പരിസ്ഥിതി സ്‌നേഹം കാപട്യവും പ്രഹസനവുമാണെന്ന് പരിസ്ഥിതി, വന്യ ജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

4 മണിക്കൂറോളം സൈന്റ് ജോസഫ് കോളേജിലെ 40 വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 5-ന് പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രകൃതി ബോധവത്കരണ ക്യാമ്പ് നടത്താനായി വിജയ് നീലകണ്ഠനെ കെയ്‌റോസ് കണ്ണൂരിലെ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ ഈ പ്രത്യേക ദിവസത്തിനായി താന്‍ വരില്ലെന്നും 365 ദിവസവും പ്രകൃതി സംരക്ഷണം നടത്തേണ്ടതുള്ളപ്പോള്‍ ഒരു ദിവസത്തെ പ്രഹസനത്തിന് പങ്കെടുക്കാന്‍ തന്റെ മന:സ്സാക്ഷി അനുവദിക്കുന്നില്ലെന്നും പറഞ്ഞ് ക്ഷണത്തെ അദ്ദേഹം നിരാകരിച്ചു.

ഇതേതുടര്‍ന്ന് സംഘാടകര്‍  പരിപാടി മാറ്റി നിശ്ചയിച്ചു.

പരിസ്ഥിതി സംരക്ഷണം നിലനില്‍പ്പിന്റെ ആവശ്യമാണ് പരിസ്ഥിതിയെ മറന്ന് മുന്നോട്ട് പോകാനാവില്ല.

നാടിന്റെ വികസനം ഇന്നത്തെ ആവശ്യമാണെങ്കില്‍ പരിസ്ഥിതി സംരക്ഷണം നാളെയുടെ ആവശ്യമാണ്.

നാളെയെ മറന്നുകൊണ്ട് ഇന്ന് പ്രവര്‍ത്തിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം എന്നല്ല പ്രകൃതിസംരക്ഷണം എന്ന വിശാലമായ കാഴ്ച്ചപ്പാടിലേക്ക് നാം വളരണം.

നമ്മുടെ സുഖത്തിനും വേഗതയ്ക്കും സുരക്ഷയ്ക്കും അനുകൂലമായ സാഹചര്യം മെനയുമ്പോള്‍ നാം ഇല്ലാതാക്കുന്നത് കോടാനുകോടി ജീവ സസ്യ ജന്തുവര്‍ഗ്ഗങ്ങളെയാണ്.

ഇത് പ്രകൃതിയുടെ സ്വാഭാവികമായ സര്‍ഗ്ഗ പ്രതിഭയിലേക്കുള്ള കടന്നുകയറ്റമാണ്, സര്‍ഗ്ഗ ശക്തിയെ അനുകൂലമാക്കാനുള്ള മനുഷ്യന്റെ ആസക്തമായ മനസ്സിന്റെ പ്രതിഫലനമാണ്.

ഇന്നത്തെ പാരിസ്ഥിതിക പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ പ്രകൃതിസംരക്ഷണം എന്ന നയപരമായ കാഴ്ച്ചപ്പാടാണ് ഉണ്ടാവേണ്ടത്.

പ്രകൃതിയ്ക്ക് മനുഷ്യന്‍ ഒരധികപ്പറ്റാവാതി രിക്കാന്‍ ശ്രദ്ധവയ്‌ക്കേണ്ടത് മനുഷ്യന്‍ തന്നെയാവണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.