ഏര്യം പ്രദേശത്തുകാര്‍ക്ക് കടുത്ത ദുരിതം- 10 മാസമായി സുനോജ് ബസ്സ് ഓടുന്നില്ല.
തളിപ്പറമ്പ്:പത്ത് മാസത്തോളമായി ബസ് ഓടുന്നില്ല, ഏര്യം നിവാസികള്‍ കടുത്ത ദുരിതത്തില്‍.
കെ.എല്‍.13 വി-4840 സുനോജ് ബസാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മലയോര മേഖലയായ ഏര്യം പ്രദേശത്തുകാര്‍ക്ക് കണ്ണൂര്‍, തളിപ്പറമ്പ് പ്രദേശമായി ബന്ധപ്പെടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സ്വകാര്യ ബസ് സര്‍വീസാണ് ഓടാതെ നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ബസ് ഇപ്പോള്‍തളിപ്പറമ്പ് കാക്കാത്തോട് ബസ്റ്റാന്റില്‍ കയറ്റിയിട്ട നിലയിലാണ്.
ഇപ്പോള്‍ ബസിന് ചുറ്റും കുറ്റിക്കാടുകളും പുല്ലും നിറഞ്ഞ നിലയിലാണ്.
ബസ് ഓടുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും മറ്റെന്തോ കാരണങ്ങളാലാണ് ഇവര്‍ ട്രിപ്പ് മുടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പൊതുവെ നല്ല വരുമാനമുള്ള റൂട്ടില്‍ മറ്റ് യാതൊരു പ്രശ്‌നങ്ങളും നിലവിലുള്ളതായി നാട്ടുകാര്‍ക്ക് അറിയില്ല.
തളിപ്പറമ്പിലേക്ക് ജോലിക്കെത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഈ ബസ് ഇല്ലാത്തതിനാല്‍ ഭാരിച്ച പണം നല്‍കിഓട്ടോറിക്ഷകളേയും ഓട്ടോടാക്‌സികളേയുമാണ് ഇപ്പോള്‍ നാട്ടുകാര്‍ ആശ്രയിക്കുന്നത്.
സുനോജ് ബസ് ഓടുന്നില്ലെങ്കില്‍ അതിന് പകരം മറ്റൊരു ബസ് ഓടിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധികൃതര്‍ക്ക് മുന്നിലെത്തിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഗ്രാമപഞ്ചായത്തംഗം ജംഷീര്‍ ആലക്കാട് പറഞ്ഞു.