ചില്‍ഡ്രന്‍സ് ഹോം ഒളിച്ചോട്ടം-യാത്രകള്‍ അടിമുടി ദുരൂഹം-

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി ആരേയും ഞെട്ടിച്ച് കൊണ്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹം.

കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്.

എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരു മഡിവാളവരെ കുട്ടികള്‍ എത്തിയത് വലിയ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം 500 രൂപ കൊടുത്ത് ഒരു ഫോണ്‍ വാങ്ങിക്കുകയാണ് ചെയ്ത്.

ഇതിന്റെ പണം ആരെയോ വിളിച്ച് ഗൂഗിള്‍ പേ ചെയ്യിച്ചു. തുടര്‍ന്ന് ബസ്സിന് കൊടുക്കാനുള്ള തുകയും ആരെയോ വിളിച്ച് കണ്ടക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയപ്പിച്ചൂവെന്നാണ് പോലീസ് പറയുന്നത്.

ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 2000 രൂപ ഗൂഗിള്‍ പേ ചെയ്യിച്ച് ടിക്കറ്റ് തുകയും കഴിഞ്ഞ് ബാക്കി കുട്ടികള്‍ക്ക് തിരികെ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരാണോ ഫോണ്‍ വാങ്ങാനും മറ്റുമുള്ള പണം അയച്ചുകൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്.

ഒരു പരിചയവുമില്ലാത്തവര്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അത്ര പെട്ടെന്ന് ബെംഗളൂരുവില്‍ മുറി ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്ക് പുറമെ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നാണ് പോലീസ് കാര്യമായി അന്വേഷിക്കുന്നത്.

മദ്യം നല്‍കിയെന്നും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയുള്ളതിനാല്‍ ഗൗരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് തന്നെയായിരിക്കും പോലീസ് കേസന്വേഷണം നടത്തുക.

ശനിയാഴ്ച രാവിലെ കോഴിക്കോട്ടെത്തിച്ച കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കുട്ടികളെ കോടതിയില്‍ ഹാജരാക്കും.