ഹാള്‍ട്ട് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട–സി.പി.എം ഏഴിമല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി-

പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം കുഞ്ഞിമംഗലം സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വാസു അധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍, പി.വിജയലക്ഷ്മി, കെ.നിഷാദ് എന്നിവര്‍ സംസാരിച്ചു. വി.ശങ്കരന്‍ സ്വാഗതം പറഞ്ഞു.

ഏഴിമല റയില്‍വേ സ്‌റ്റേഷനെ തരംതാഴ്ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എം.വിജിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ഏഴിമല റയില്‍വേ സ്‌റ്റേഷനെ തരംതാഴ്ത്താനുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം വിജില്‍ എം എല്‍ എ പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് കത്ത് നല്‍കി.

ഏഴിമല നേവല്‍ അക്കാദമിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നതും കുഞ്ഞിമംഗലം രാമന്തളി, ചെറുതാഴം പഞ്ചായത്തുകളിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്‌റ്റേഷനാണിത്.

തരംതാഴ്ത്തലിന്റെ ഭാഗമായി ടിക്കറ്റ് വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചു കഴിഞ്ഞു.

നിലവിലെ റെയില്‍വേ ജീവനക്കാരെ പൂര്‍ണമായി പിന്‍വലിക്കുകയും ഹാള്‍ട്ടിംഗ് സ്‌റ്റേഷനാക്കുന്നതോടെ നിലവിലുള്ള ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കുമെന്നാണ് അറിയുന്നത്.

ഇത് ഏഴിമല റയില്‍വേ സ്‌റ്റേഷന്റെ വികസനത്തെ മുരടിപ്പിക്കുന്ന നടപടിയാണ്. പയ്യന്നൂര്‍ കോളേജ്, ഏഴിമല നേവല്‍ അക്കാദമി, പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയം,

കുഞ്ഞിമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പടെയുള്ള നിരവധി സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പടെ നൂറു കണക്കിന് യാത്രക്കാരാണ് ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നത്.

ആയതിനാല്‍ ഏഴിമല റയില്‍വേ സ്‌റ്റേഷനെ തരം താഴ്ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എം എല്‍ എ റയില്‍വേ ഡിവിഷന്‍ മാനേജറോട് ആവശ്യപ്പെട്ടു.