ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൂട്ടു പ്രതിയും അറസ്റ്റില്‍.
പഴയങ്ങാടി:മുക്കുപണ്ടം പണയം വെച്ച് ഫെഡറല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൂട്ടുപ്രതിയും പിടിയില്‍.
ചെറുകുന്ന് പള്ളിക്കര സ്വദേശിയായ കെ.സാജിദ് (50) നെയാണ് പഴയങ്ങാടി എസ്.എച്ച്.ഒ ഇ.എന്‍.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പഴയങ്ങാടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ ഇടപാടുകള്‍ക്കായി പ്രതി എത്തി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായിരുന്ന യുവാവ് കടന്നപ്പള്ളി ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസ്(36 നെ എറണാകുളത്ത് വെച്ച് പഴയങ്ങാടി എസ് ഐ.രൂപ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കൂടി റിമാന്റിലുമാണ്.
ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ബാങ്ക് സീനിയര്‍ മാനേജര്‍ വി.ഹരിയുടെ പരാതിയിലാണ് കേസെടുത്തത്.
2022-ല്‍ ഒക്ടോബര്‍ 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലഘട്ടത്തില്‍ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചായിരുന്നു തട്ടിപ്പ്.
എട്ട് പ്രാവശ്യമാണ് പണയം വെച്ചത്. 330.6 (41.2പവന്‍) ഗ്രാം സ്വര്‍ണമാണ് പണയം വെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാല, വള, ബ്രസിലൈറ്റ് തുടങ്ങിയവയായിരുന്നു ഉരുപ്പടികള്‍. ആദ്യം പണയം വെച്ച സ്വര്‍ണത്തിന്റെ കാലാവധി ഏപ്രില്‍ മാസമായിരുന്നു.
കാലാവധിയായിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമില്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ആഭരണങ്ങള്‍ മുറിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.
ചന്തപ്പുര സ്വദേശിയാണെങ്കിലും ഒന്നാം പ്രതി മുഹമ്മദ് റിഫാസിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറമാണ്.
അവിടെ റിയല്‍ എസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ തട്ടിപ്പുകളുമായി പ്രവര്‍ത്തിക്കുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
കടന്നപള്ളിയിലെ മുഹമ്മദ് റിഫാസിന് വ്യാജമായി രീതിയില്‍ സ്വര്‍ണ്ണം പൂശിയ നിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എത്തിച്ചു നല്‍കിയത് ചെറുകുന്ന് പള്ളിക്കര സ്വദേശിയായ സാജിദ് ആണ് എന്ന് പോലീസ് പറഞ്ഞു പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.