അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം പെരുമ്പാറയില്‍ 20 ഏക്കറോളം കത്തിനശിച്ചു-
തളിപ്പറമ്പ്: വേനല്‍ കനത്തതോടെ തീപിടുത്തം കൊണ്ട് പൊറുതിമുട്ടി അഗ്നിശമനസേന.

ഇന്ന് ജില്ലയിലെ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനുകളിലെല്ലാം തന്നെ നിരവധി തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എല്ലാ യൂണിറ്റുകളും തീയണക്കാനായി പോകേണ്ടി വന്നു.
തളിപ്പറമ്പില്‍ ആറിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചക്ക് 12.25 ന് പൂവ്വം പെരുമ്പാറയില്‍ വന്‍ തീപിടുത്തമാണുണ്ടായത്.
ഏതാണ്ട് 20 ഏക്കറോളം തരിശുഭൂമിയിലാണ് തീപടര്‍ന്നത്. കനത്ത വെയിലിലും കാറ്റിലും തീ പടര്‍ന്നുപിടിച്ചതോടെ തളിപ്പറമ്പിലെ മൂന്ന് യൂണിറ്റുകളും ഇവിടെ തീകെടുത്താനായി എത്തി.
ഇതിനിടെ പുളിമ്പറമ്പിലും ആടിക്കുംപാറയിലും തീപിടിച്ചതായി വിവരം ലഭിച്ചതോടെ പയ്യന്നൂരില്‍ നിന്നാണ് സേന എത്തിയത്.
പൂവ്വം പെരുമ്പാറയില്‍ ഏതാണ്ട് നാലരമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇതിനിടെ നടുവില്‍ പുത്തൂരില്‍ തീപിടിച്ചതായി വിവരം ലഭിച്ചതോടെ പെരുമ്പാറയില്‍ തീയണച്ചുകൊണ്ടിരുന്ന ഒരു യൂണിറ്റിനെ അങ്ങോട്ടേക്ക് അയക്കേണ്ടിവന്നു.
ഇവയൊക്കെ നിയന്ത്രണവിധേയമാക്കി എത്തിയപ്പോഴാണ് ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറയില്‍ കശുമാവിന്‍തോട്ടങ്ങള്‍ക്ക് തീപിടിച്ച വിവരമറിഞ്ഞത് ഇതോടെ രണ്ട് യൂണിറ്റ അങ്ങോട്ടേക്ക് പോയി.
സന്ധ്യയോടെയാണ് ഇവിടെ തീ നിയന്ത്രിക്കാനായത്. സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലാണ് എല്ലായിടത്തും അഗ്നിശമനസേന തീയണക്കാനെത്തിയത്.
ശ്രീകണ്ഠാപുരത്ത് അടിയന്തിരമായി പുതിയ അഗ്നിശമനനിലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ
പഴക്കമുണ്ടെങ്കിലും ഇതേവരെ പ്രാവര്‍ത്തികമാകാത്തത് തളിപ്പറമ്പ് അഗ്നിശമനസേനയുടെ പ്രവര്‍ത്തനം തന്നെ താളംതെറ്റിക്കുന്നുണ്ട്.
