തെങ്ങിനും മാവിനും ഇടയില്‍ കുടുങ്ങി-ഞെരിഞ്ഞു-അഗ്നിശമനസേന അനില്‍കുമാറിനെ രക്ഷിച്ചു.

മയ്യില്‍: തേങ്ങപറിക്കാന്‍ കയറിയ ആള്‍ തെങ്ങിനും തൊട്ടടുത്ത മാവിനും ഇടയില്‍ കുടുങ്ങി.

മണക്കടവ് വായിക്കമ്പയിലെ അനില്‍കുമാറാണ്(50) ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്.

മയ്യില്‍ പഞ്ചായത്തിലെ കോറളായിയില്‍ തെങ്ങുകയറ്റയന്ത്രവുമായി തേങ്ങപറിക്കാനെത്തിയതായിരുന്നു അനില്‍കുമാര്‍.

തെങ്ങിനോട് ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ ശിഖരത്തില്‍ യന്ത്രം കുടുങ്ങിയതോടെ അനില്‍കുമാറിന്റെ കാല്‍ തെങ്ങിനും മാവിനും ഇടയില്‍ അകപ്പെടുകയായിരുന്നു.

നാട്ടുകാരുടെ ശ്രമം നടക്കാതായതോടെയാണ് അഗ്നിശമനസേനയെ അറിയിച്ചത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം സാഹസികമായി ഏറെ നേരം പണിപ്പെട്ടാണ് അനില്‍കുമാറിനെ സുരക്ഷിതമായി താഴെയിറക്കിയത്.

ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്‍, കെ.വി.രാജീവന്‍, ദയാല്‍, കെ.വി.ഗിരീഷ്, നന്ദഗോപാല്‍, വി.ജയന്‍, പി.ചന്ദ്രന്‍ എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി