മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ്

തളിപ്പറമ്പ്: മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് അഗ്‌നിശമനസേന. ഇന്നലെ രണ്ട് ആട്ടിന്‍കുട്ടികളെയാണ് 35 അടി ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷിച്ചത്.

ശ്രീകണ്ഠാപുരം വഞ്ചിയൂര്‍ കുറ്റിക്കാട്ടെ ഭാസ്‌ക്കരന്റെ കിണറ്റിലാണ് അയല്‍വാസിയായ ജോണ്‍ മേലോത്തിന്റെ രണ്ട് ആട്ടിന്‍കുട്ടികള്‍ വീണത്.

പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ നിന്നുമാണ് ആട്ടിന്‍കുട്ടികളെ രക്ഷിച്ചത്.

അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ്മാത്യു, ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ സുധീഷ്, നന്ദഗോപാലന്‍, അനൂപ്, െ്രെഡവര്‍ രജീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ രക്ഷപ്പെടുത്തിയ അഗ്‌നിശമനനിലയമായി മാറിയിരിക്കയാണ് തളിപ്പറമ്പ്.

ശരാശരി ആഴ്ച്ചയില്‍ നാലെന്ന തോതില്‍ ഇപ്പോള്‍ അപകടത്തില്‍പെടുന്ന വളര്‍ത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനായി കോളുകള്‍ വരുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

2021 ല്‍ 39 വളര്‍ത്തുമൃഗങ്ങളെയാണ് രക്ഷപ്പെടുത്തിയത്. 18 ആടുകള്‍, ഒരു എരുമ, 14 പശുക്കള്‍, ആറ് പോത്തുകള്‍ എന്നിവയെയാണ് കാര്യമാൈയ പരിക്കുകളൊന്നുമില്ലാതെ സേന കരക്ക് കയറ്റിയത്.

കൂടുതലും ഉപേക്ഷിക്കപ്പെട്ടതും കാടുമൂടിക്കിടക്കുന്നതുമായ കിണറുകളിലാണ് മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങള്‍ അകപ്പെടുന്നത്.

ആടുകള്‍ വീട്ടുകിണറുകളിലും വീഴുന്നുണ്ടെങ്കിലും കൂടുതലും ആള്‍മറയില്ലാത്ത കിണറുകളിലാണെന്ന് അഗ്‌നിശമനസേനാ അധികൃതര്‍ പറഞ്ഞു.