തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി.

കാഞ്ഞങ്ങാട്: തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി.

കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ.രാഹുലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഒ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഭീമനടി സെക്ഷന്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘം പിടിയിലായത്.

ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ചുച്ചാല്‍ ഭാഗത്തു നിന്നുമാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ശ്രീധരന്‍, നിതിന്‍ ചന്ദ്രന്‍, എം.എന്‍.നന്ദകുമാര്‍, ജിഷ്ണു കുഞ്ഞികൃഷ്ണന്‍, ഫോറെസ്‌റ് ബീറ്റ് അസിസ്റ്റന്റ് എന്‍.കെ.സന്തോഷ്, ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വളരെ സാഹസികമായി മൂന്ന് പ്രതികളെയും പിടികൂടിയത്.

ചെരുമ്പക്കോട് സ്വദേശി രാമകൃഷ്ണന്‍(49), മൈക്കയം സ്വദേശികളായ രതീഷ്(42), മധു എന്ന് വിളിപ്പേരുള്ള രാജേഷ് (42) എന്നിവരാണ് പിടിയിലായത്.

ഒരു തോക്കും ഒരു വെടിയുണ്ടയും പിക്കപ്പ് വാഹനവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രണ്ടാം പ്രതിയായ രാജേഷ് നേരത്തെ മലമാനെ വേട്ടയാടിയ കേസിലെ പ്രതിയാണ്.

കൊന്നക്കാട് കേന്ദ്രീകരിച്ച് നായാട്ട് സംഘത്തെ പിടികൂടിയ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് റേഞ്ചിന്റെ എല്ലാ സ്ഥലങ്ങളിലും രാത്രികാല പരിശോധനകള്‍ ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്‌ററ് ഓഫിസര്‍ അറിയിച്ചു.