പാചകവാതക സിലിണ്ടറിന്റെ ചോര്‍ച്ചയറിയിച്ചിട്ടും എച്ച്.പി.ഗ്യാസ് ഏജന്‍സി അധികൃതര്‍ എത്തിയില്ല, രാത്രിയില്‍ അഗ്നിശമനസേനയെത്തി വന്‍ദുരന്തം ഒഴിവാക്കി-
തളിപ്പറമ്പ്: പാചകവാതക സിലിണ്ടറിന് ലീക്കുള്ള വിവരം അറിയിച്ചിട്ടും ഏജന്‍സി അധികൃതര്‍ അവഗണിച്ചു, രാത്രിയില്‍ വാതകം പുറത്തേക്ക് വമിച്ചപ്പോള്‍ അഗ്നിശമനസേന സ്ഥലത്തെത്തി ദുരന്തം ഒഴിവാക്കി.
തളിപ്പറമ്പ് തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവിന്റെ വീട്ടിലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ മുതല്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ ലീക്കാകുന്ന വിവരം അദ്ദേഹം എച്ച്.പി.(ഹിന്ദുസ്ഥാന്‍ പെട്രോളിയം)പാചകവാതക വിതരണക്കാരെ
അറിയിച്ചിരുന്നുവെങ്കിലും ടെക്‌നീഷ്യന്‍ ഫോണ്‍വിളിച്ചപ്പോള്‍ എടുക്കാന്‍ താമസിച്ചതിന്റെ പേരിലാണ് ഇവര്‍ വരാതിരുന്നതെന്ന് ബാലകൃഷ്ണയാദവ് പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതുമണിയോടെ വലിയ ശബ്ദത്തോടെ ഗ്യാസ് പഉറത്തേക്ക് വരാന്‍ തുടങ്ങിയതോടെ ബാലകൃഷ്ണയാദവ് അഗ്നിശമനസേനയെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ.ജയരാജന്റെ നേതൃത്വത്തിലെത്തിയ തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സേനാംഗങ്ങളാണ് പാചകവാതക ചോര്‍ച്ച അടച്ച് വലിയ ദുരന്തം ഒഴിവാക്കിയത്.
ഇന്ന് രാവിലെ സ്ഥലത്തെത്തിയ എച്ച്.പി ഗ്യാസ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും ഇവരുടെ സേവനത്തിലുണ്ടായ വീഴ്ച്ചയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് ബാലകൃഷ്ണയാദവ് പറഞ്ഞു.