സര്‍ക്കാര്‍ അറിയിപ്പുകള്‍-(7-1-2022)

 

ഹരിത പാഠശാലകള്‍ വായനശാലകളിലേക്ക്

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളില്‍ ഹരിത പാഠശാലകള്‍. പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ രണ്ടാമത്തെ ഹരിത പാഠശാല വെള്ളച്ചാലിലെ മഹാത്മാ വായനശാലയില്‍ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പരിശീലനം നേടിയ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തി വാര്‍ഡ് തലങ്ങളില്‍ പാഠശാലകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ വിഷയാവതരണം നടത്തി. എം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. ജില്ലയിലെ ആദ്യത്തെ ഹരിത പാഠശാല പെരളശ്ശേരിയില്‍ സബ്കളക്ടര്‍ അനുകുമാരിയാണ് ഉദ്ഘാടനം ചെയ്തത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വായനശാലകള്‍ മുന്നോട്ട് വന്നിട്ടുള്ളത്. പൊതുവാച്ചേരി ഭാവനാ ക്ലബ്ബും പാഠശാല സംഘടിപ്പിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണം

കാവിന്‍മുനമ്പ്മുള്ളൂല്‍വെള്ളിക്കീല്‍ഏഴാംമൈല്‍തൃച്ഛംബരംബാവുപ്പറമ്പകോള്‍മൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ബാവുപ്പറമ്പ ജങ്ഷന്‍ മുതല്‍ കോള്‍മൊട്ട വരെയുള്ള റോഡിലെ ബസ് സര്‍വീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കോള്‍മൊട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നണിച്ചേരിക്കടവ് പാലം കടന്ന് അരിമ്പ്രമുല്ലക്കൊടി വഴി പറശ്ശിനിക്കടവ് പാലം റോഡ് വഴി പോകണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സീനിയോറിറ്റി ലിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തുവരുന്ന പാര്‍ട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31നും ഇടയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സ്ഥിരമായി നിയമനം നല്‍കി നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തീകരിച്ചവരും ഇതുവരെ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. ക്ലാസ് നാല് തസ്തികയിലെ ക്ലാസ് നാല് കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സമ്മതമുള്ള പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പട്ടിക, സമ്മതപത്രം സഹിതം വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍ ജനുവരി 15നകം കലക്ടറേറ്റില്‍ സര്‍പ്പിക്കണം. നിശ്ചിത പ്രഫോര്‍മയിലുള്ള റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിക്കണം. പ്രഫോര്‍മയും മറ്റ് വിശദാംശങ്ങളും കലക്ടറേറ്റിലെ എ4 സെക്ഷനില്‍ ലഭിക്കും.

ഭരണാനുമതി ലഭിച്ചു

ഇരിക്കൂര്‍ മുന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും നാല് ലക്ഷം രൂപ വിനിയോഗിച്ച് ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ നിടിയേങ്ങ എ കെ ജി നഗര്‍ കുടിവെള്ള ടാങ്ക് റോഡ് ടാറിങ്ങ് പ്രവൃത്തിക്കും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷന്‍ റോഡ് നവീകരണ പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

അധ്യാപക കോഴ്‌സ് സീറ്റൊഴിവ്

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17 നും 35 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. ഇഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ജനുവരി 28 വരെ അപേക്ഷ അയക്കാം. ഫോണ്‍: 0473 4296496, 8547126028.

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്: 21 വരെ അപേക്ഷിക്കാം

അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് ജനുവരി 21 വരെ അപേക്ഷിക്കാം. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാണ് അവാര്‍ഡ്. 2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും അനെര്‍ട്ടിന്റെ  വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട് , വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ജനുവരി 21ന് മുമ്പായി ലഭിക്കണം. ടോള്‍ഫ്രീ നമ്പര്‍: 1800 425 1803.