സര്‍ക്കാര്‍ അറിയിപ്പുകള്-(19-1-2022)
ജനസമക്ഷം സില്‍വര്‍ ലൈന്‍’ 20 ന്
തിരുവനന്തപുരംകാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ ജനുവരി 20 ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍നടക്കും. രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനാവും. കെറെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതി വിശദീകരിക്കും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ക്ക് കെറെയില്‍ പ്രതിനിധികള്‍ മറുപടി നല്‍കും.
പഴശ്ശി കനാലില്‍ ജനുവരി 21 മുതല്‍ 25 വരെ വെള്ളം തുറന്നുവിട്ട് പരിശോധന; ജാഗ്രത വേണം
പഴശ്ശി പദ്ധതിയുടെ മെയിന്‍ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി ജനുവരി 21 മുതല്‍ 25 വരെ കനാല്‍ ഷട്ടറുകള്‍ ക്രമീകരിച്ച് വെള്ളം തുറന്നുവിട്ട് പരിശോധിക്കും. അതിനാല്‍, മെയിന്‍ കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ഈ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
2008 മുതല്‍ ജലവിതരണം പൂര്‍ണ്ണമായും മുടങ്ങിയ പദ്ധതിയുടെ മെയിന്‍ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. 2012ലെ അതിതീവ്ര മഴയില്‍ പിളര്‍ന്ന മെയിന്‍ കനാലിലെ ഭാഗത്തെ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ, ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലില്‍ കൂടി വെള്ളം ഒഴുക്കി പരിശോധിച്ച് ചോര്‍ച്ചയില്ലെന്നും കനാല്‍ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം.
റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26ന് കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 100 പേര് മാത്രമേ പാടുള്ളൂ. മുതിര്‍ന്ന പൗരന്മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കില്ല. പങ്കെടുക്കുന്ന എല്ലാവര്ക്കും പാസ് നല്‍കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിപാടി കാണാന്‍ സൗകര്യം ഉണ്ടാവില്ല. ജനുവരി 21, 22, 24 തീയതികളില്‍ റിഹേഴ്സല്‍ പരേഡ് നടത്തും. പോലീസ്, എക്സൈസ്, വനം, ജയില്‍ യൂനിറ്റുകളെ പരേഡില്‍ പങ്കെടുപ്പിക്കും.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; മൂന്ന് മാസത്തെ അംശദായം ഒഴിവാക്കി
കേരള മോട്ടോര്‍ തൊഴിലാളി, ഓട്ടോറിക്ഷ തൊഴിലാളി, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി എന്നീ ക്ഷേമനിധി പദ്ധതികളില്‍ അംഗങ്ങളായ ഉടമതൊഴിലാളികള്ക്ക് കൊവിഡ്19 പ്രതിസന്ധി മൂലം 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ അംശദായം ഒഴിവാക്കിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ലെവല്‍ക്രോസ് അടച്ചിടും
പള്ളിച്ചാല്‍ കാവിന്‍മുനമ്പ് റോഡിലെ കണ്ണപുരംപഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 20 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 21ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി സമന്വയ പദ്ധതി പ്രകാരം 75 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നടത്തുന്നു. പത്താം ക്ലാസും അതിനു മുകളിലും യോഗ്യത രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജനുവരി 21നകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് സഹിതം തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും. ഫോണ്‍: 0490 2327923.
പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു
ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമബോധവത്കരണം, ബദല്‍ തര്‍ക്ക പരിഹാര മാര്‍ഗങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയവയാണ് പാരാലീഗല്‍ വളണ്ടിയര്‍മാരുടെ ചുമതല. പത്താംക്ലാസ് പാസായവരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും ഹോണറേറിയവും നല്‍കും.
അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
റീ ക്വട്ടേഷന്‍
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലേക്ക് സ്പോര്‍ട്സ് ജേഴ്സികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.
ദര്‍ഘാസ്
കല്ല്യാശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പരിധിയിലുള്ള 78 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ച ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2872040.
പയ്യന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 133 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04985204769.
കൂത്തുപറമ്പ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 108 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2363090.
ലേലം
ഇരിട്ടി ബ്ലോക്ക്പഞ്ചായത്തിന്റെ അധീനതയിലുള്ള തില്ലേങ്കരി വ്യവസായ എസ്റ്റേറ്റിലെ വനിതാ സംരംഭകര്‍ക്കായുള്ള കെട്ടിടത്തിലെ രണ്ട് മുറികളുടെ ലേലം ജനുവരി 31ന് രാവിലെ 11 മണിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. ഫോണ്‍: 0490 2491240.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ്
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2020ലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പിന്റെ ഗ്രേഡിങ് പദ്ധതിയില്‍ ഏററവും മികച്ച സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് നല്‍കും. തെരഞ്ഞെടുക്കപ്പെട്ട മേഖലയിലുളള സ്ഥാപന ഉടമകള്‍ ലേബര്‍ കമ്മീഷണറുടെ ംംം.ഹര.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് എന്‍ട്രികള്‍ സമര്‍പ്പിക്കണം. മികച്ച തൊഴില്‍ ദാതാവ്, തൊഴില്‍ നിയമപാലനത്തിലെ കൃത്യത, തൊഴിലാളികളുടെ സംതൃപ്തി, തൊഴില്‍ നൈപുണ്യവികസന പങ്കാളിത്തം, സ്ത്രീ സൗഹൃദ സമീപനം തുടങ്ങിയവയാണ് ഗ്രേഡിങ് മാനദണ്ഡങ്ങള്‍.
ഗ്രേഡിംഗ് നടപ്പാക്കുന്ന തൊഴില്‍മേഖലകള്‍: ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ (ഹോട്ടല്‍, റസ്റ്റോറന്റ്), സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജ്വല്ലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഹൗസ്ബോട്ടുകള്‍, ഐടി സ്ഥാപനങ്ങള്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, ക്ലബുകള്‍, മെഡിക്കല്‍ ലാബുകള്‍ (ലാബ്, എക്സ്റേ, സ്കാനിംഗ്സെന്ററുകള്). ഈ മേഖലയിലെ 20 തൊഴിലാളികളില്‍ കൂടുതല്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ക്ക് ജനുവരി 22 വരെ വരെ അപേക്ഷ സമര്‍പ്പിക്കാം.
മൈക്രോ ഫിനാന്‍സ് വായ്പക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കാനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി വനിതകളുടെ അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം. ഒരു അയല്‍ക്കൂട്ടത്തിന് സബ്സിഡിയോടെ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വരെ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 49,000 രൂപയും നഗരപ്രദേശങ്ങളില്‍ 60,000 രൂപ വരെയുള്ള ഓരോ അംഗങ്ങള്‍ക്കും 10,000 വെച്ച് പരമാവധി ഒരു ലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഫെബ്രുവരി 10നകം ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2705036, 9400068513.
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് വലിയപള്ളി, ഊരടി, ഏഴും വയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 വ്യാഴം രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും കൂത്തമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തണ്ടനാട്ടുപോയില്‍, കണ്ണങ്കൈകോളനി, സോഫടെക്സ്, പൂവത്തിന്‍കാട്, വെളിച്ചംതോട്, അരവഞ്ചാല്‍, കാഞ്ഞിരപ്പൊയില്‍, കൂവപൊയില്‍, കോട്ടോല്പ്പാറ, ഫോമെക്സ്, കരിത്തടം ക്രഷേഴ്സ്, എവണ്‍ വിനീര്‍, സിആര്‍പിഎഫ് 1, സിആര്‍പിഎഫ് 2, കോലാചിക്കുണ്ട് , വെള്ളരിക്കാംതൊട്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 വ്യാഴം രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊറ്റാളി, സാംസ്കാരിക നിലയം, കൊറ്റാളി സ്കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 20 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
ദേശീയ ചിത്രരചന മത്സരം മാറ്റി
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 22ന് കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദേശീയ ചിത്രരചന മത്സരം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മുച്ചക്ര മോട്ടോര്‍സൈക്കിളിന് അപേക്ഷ ക്ഷണിച്ചു
ജോണ്‍ ബ്രിട്ടാസ് എം പി യുടെ 202122 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുള്ള നാല് ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര മോട്ടോര്‍ സൈക്കിള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കുടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷ, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫിസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015.
പയ്യന്നൂര്‍ ഡി അഡിക്ഷന് സെന്ററില്‍ കിടത്തി ചികിത്സ
സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് ‘വിമുക്തി’യുടെ കീഴില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഡിഅഡിക്ഷന്‍ സെന്ററില്‍ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലഹരിയില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ മരുന്നുകളും, കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും, കൗണ്‍സലിങും സെന്ററില്‍ സൗജന്യമായി ലഭിക്കും. ഫോണ്‍: 9496052207.