സര്‍ക്കാര്‍ അറിയിപ്പുകള്‍(15-03-2022)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

 

എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ), സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് കണ്ണൂര്‍, ഒറ്റതെങ്ങ്, അലവില്‍ പി ഒ എന്ന വിലാസത്തില്‍ മാര്‍ച്ച് 23നകം അപേക്ഷ സമര്‍പ്പിക്കണം. രണ്ട് മാസത്തേക്കാണ് നിയമനം. ദിവസ വേതനം 755 രൂപ.

 

ഭരണാനുമതി ലഭിച്ചു

 

ഇരിക്കൂര്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാണിയക്കാട്ടുപടി ചെറുവല്ലരി പൊന്നാമറ്റംപടി റോഡ്, ഉദയഗിരി തുമരക്കാട് റോഡ് ടാറിങ് പ്രവൃത്തികള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം വിനിയോഗിച്ച് ആലക്കോട് ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം ഭൂദാനം റോഡ്, ഒറ്റത്തെപെരുമുണ്ട ആനക്കുഴി കോളനി റോഡ് ടാറിങ് പ്രവൃത്തികള്‍ക്കും 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് ആലക്കോട് ഗ്രാമപഞ്ചായത്തിലെ ആനത്താം വളപ്പ് വെള്ളരിങ്ങോട് ചെറുപാറ റോഡ് ടാറിങ് പ്രവൃത്തികള്‍ക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

പഴയ പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അവസരം

 

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളില്‍ അപേക്ഷകര്‍ക്ക് നേരിട്ട് രേഖകള്‍ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീര്‍പ്പ് നേടുവാന്‍ അവസരം. മുഴുവന്‍ രേഖകളും അപേക്ഷകര്‍ നേരിട്ട് ഹാജരാക്കിയാല്‍ പഴയ അപേക്ഷ തീയതി മുതലുള്ള പരിഗണന നല്‍കി പട്ടയ കേസുകള്‍ തീര്‍പ്പാക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അറിയിച്ചു.

 

പട്ടയകേസ് മാറ്റി

 

മാര്‍ച്ച് 17ന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

പുനര്‍ലേലം

 

കെഎപി നാലാം ബറ്റാലിയന്റെ മാങ്ങാട്ടുപറമ്പ് ക്യാമ്പില്‍ സൂക്ഷിച്ച ഉപയോഗശൂന്യമായ സാധന സാമഗ്രികള്‍ ംംം.ാേെരലരീാാലൃരല.രീാ മുഖേന മാര്‍ച്ച് 24ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്കു വിധേയമായി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2781316.

 

വാഹനം ആവശ്യമുണ്ട്

 

മട്ടന്നൂര്‍ ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറൊ പവര്‍ പ്ലസ് സെഡ്എല്‍എക്‌സ് 2 ഡബ്ല്യുഡി 7 എസ്ടിആര്‍ പിഎസ്ബിഎസ്6 വാഹനം വാടകക്ക് ആവശ്യമുണ്ട്. മാര്‍ച്ച് 30ന് വൈകിട്ട് നാല് മണിക്കകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 8281425655.

 

ആര്‍ ടി എ യോഗം മാറ്റി

 

മാര്‍ച്ച് 23ന് നടത്താനിരുന്ന ആര്‍ ടി എ ഓണ്‍ലൈന്‍ യോഗം മാര്‍ച്ച് 25ന് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക 31നകം അടക്കണം

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. അംശദായം കുടിശ്ശിക വരുത്തിയ മുഴുവന്‍ തൊഴിലാളികളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.

 

മീഡിയ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

ഹരിത കേരളം മിഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ രണ്ട് മാസത്തെ നോണ്‍ സ്‌റ്റൈപ്പെന്ററി ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ ചുമതലയാണ് ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും. വിജയകരമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ കലക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രായ പരിധിയില്ല. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സ്‌റ്റൈപ്പന്റോ യാത്രാബത്തയോ ലഭിക്കില്ല. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23. വിലാസം: ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ഹരിത കേരളം മിഷന്‍, അഞ്ചാം നില, ജില്ലാ ആസൂത്രണ സമിതി കെട്ടിടം, സിവില്‍ സ്‌റ്റേഷന്‍, കണ്ണൂര്‍. ഫോണ്‍ : 8129218246.