സര്‍ക്കാര്‍ അറിയിപ്പുകള്‍-(29-1-2022)
ദേശീയപാത വികസനം: പ്രത്യേക യോഗം വിളിക്കും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എമാര്‍, ദേശീയപാതാ അതോറിറ്റി എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പിലാത്തറപാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ സോളാര്‍ ലൈറ്റുകളുടെ അറ്റകുറ്റപണികള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ ഡി പി ആര്‍ തയ്യാറാക്കാന്‍ അനര്‍ട്ടിന് ഒരവസരം കൂടി നല്‍കാനും അല്ലാത്തപക്ഷം മറ്റ് ഏജന്‍സികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്തെഴുതാനും യോഗം തീരുമാനിച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെ ഭാഗമായുള്ള പൈപ്പുകള്‍ പൊട്ടുന്നത് പരിശോധിക്കാന്‍ ജല അതോറിറ്റി ഇടപെടണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പത്ത് ലക്ഷം രൂപാ വീതം അനുവദിച്ചതായും ഇത് നടപ്പിലാക്കാന്‍ അതത് എം എല്‍ എ മാര്‍ മുന്‍കൈയെടുക്കണമെന്നും നിര്‍ദേശിച്ചു. വേനലിന് മുന്നോടിയായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഐ ടി ഡി പി യോടും പഞ്ചായത്ത് ഡയറക്ടറോടും യോഗം നിര്‍ദ്ദേശിച്ചു. എം എല്‍ എ മാരായ ടി. ഐ മധുസൂദനന്‍, കെ പി മോഹനന്‍, കെ വി സുമേഷ്, എം വിജിന്‍, എം പിമാരായ കെ സുധാകരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മറ്റ് സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വെബിനാര്‍ 31ന്
വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ജനുവരി 31ന് ഓണ്‍ലൈനായി വെബിനാര്‍ നടത്തുന്നു. വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കി വരുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍, സംരഭം തുടങ്ങാനാവശ്യമായ വിവിധ ലൈസന്‍സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ളതാണ് വെബിനാര്‍. താല്‍പര്യമുള്ളവര്‍ 7012376994, 9633050143 എന്നീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ തുക. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം. വായ്പാ തുക ആറ് ശതമാനം പലിശ നിരക്കില്‍ 60 തുലൃ മാസഗഡുക്കളായി തിരിച്ചടക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 49,000 രൂപയില്‍ താഴെയും നഗരപ്രദേശങ്ങളില്‍ 60,000 രൂപയില്‍ താഴെയുമുള്ള ഗുണഭോക്താക്കള്‍ക്ക് 10,000 രൂപ സബ്‌സിഡി ലഭിക്കും. കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04972705036, 9400068513, 9446958777.
പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും മാര്‍ച്ച് 31 വരെ കരാറടിസ്ഥാനത്തില്‍ ദിവസ വേതനത്തിന് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് സി/എസ് ടി/ജനറല്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ സര്‍വ്വകലാശാല അംഗീകൃത ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫെബ്രുവരി എട്ടിനകം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാവൂര്‍ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഫോണ്‍ : 0490 2444416, 0490 2444116
കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ
കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൂന്ന് കോടി രൂപവരെ വായ്പ അയല്‍ക്കൂട്ടം മുഖേന അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതിക്കായി അഞ്ച് ശതമാനം നിരക്കില്‍ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും. പ്രാഥമിക അപേക്ഷയും വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭിക്കും. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2706197.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍; അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗം, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങളിലുള്ള വിദ്യാര്‍ഥികള്‍ എന്നിവരുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ളവരാകണം. വിദ്യാര്‍ഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, പഠിക്കുന്ന സ്‌കൂളിന്റെ പേര്, ക്ലാസ് തുടങ്ങിയ വിവരങ്ങളടങ്ങിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി 21നകം ബന്ധപ്പെട്ട െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐടിഡിപി ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28 വരെ
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 202123 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്താം. ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ് സി/എസ് ടി/ ഭിന്നേശഷി പഠിതാക്കള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 9495365907.
ഭരണാനുമതി ലഭിച്ചു
ഇരിക്കൂര്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവ് കൈരളി ഗ്രന്ഥാലയത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നിത്യാനന്ദ സ്‌കൂള്‍ പരിസരം, കെ സി പെട്രോള്‍ പമ്പ് പരിസരം, കളരിവാതുക്കല്‍, ടോള്‍ ബൂത്ത്, വളപട്ടണം പാലത്തിന് താഴെ, ബോട്ട്‌ജെട്ടി പരിസരം, വളപട്ടണം കോട്ട ഭാഗം എന്നീ ഭാഗങ്ങളില്‍ ജനുവരി 30 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൗണ്‍ ബാങ്ക്, കീഴന്തിമുക്ക്, പി എം സ്‌റ്റോര്‍, എന്‍ കെ റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 30 ഞായര്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും നഴ്‌സിംഗ് കോളേജ്, ഇല്ലിക്കുന്ന് 1, ഇല്ലിക്കുന്ന് 2, എന്‍ ടി ടി എഫ്, ആര്‍ കെ ലൈന്‍, വടക്കുമ്പാട്, ചിറക്കക്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും.
ദര്‍ഘാസ്
ഇരിക്കൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 122 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2233416. കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 64 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2708150.
ടൂറിസം വകുപ്പ് അംഗീകാരങ്ങള്‍ ഓണ്‍ലൈനായി
ടൂറിസം വകുപ്പ് നിലവില്‍ ടൂറിസം മേഖലയില്‍ സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിവരുന്ന അംഗീകാരങ്ങള്‍/ ക്ലാസിഫിക്കേഷനുകള്‍ എന്നിവ ഓണ്‍ലൈനാക്കി. സര്‍വീസ്ഡ് വില്ല, ഹോം സ്‌റ്റേ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ആയുര്‍വേദ സെന്റര്‍, ഹൗസ് ബോട്ട്, റെസ്‌റ്റോറന്റ്, ഉത്തരവാദിത്വ ടൂറിസം (ഹോട്ടല്‍, റിസോര്‍ട്ട്) എന്നീ മേഖലകളാണ് നിലവില്‍ ഓണ്‍ലൈനായത്. ഇത് സംബന്ധിച്ചുള്ള അപേക്ഷകള്‍ www.keralatourism.org വഴി ഓണ്‍ലൈനായി നല്‍കണം. ഫോണ്‍: 0497 2702515.
